1
1

അന്തിക്കാട്: അന്തിക്കാട് കെ.കെ.മേനോൻ ഷെഡിന് സമീപം ചിറയത്ത് അത്താണിക്കൽ ഷാജുവിന്റെ ഉടമസ്ഥതയിലുള്ള ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ ഉപയോഗിക്കുന്ന കുടിവെള്ളത്തിൽ കോളി ഫാം ബാക്ടീരിയ കണ്ടെത്തിയതിനെ തുടർന്ന് ഷാജുവിന്റെ ക്യാമ്പ് അടയ്ക്കാൻ ആരോഗ്യ വകുപ്പ് പഞ്ചായത്തിന് ശുപാർശ നൽകി.
ക്യാമ്പിൽ ശുചിമുറി മാലിന്യം സംസ്‌കരിക്കാൻ വേണ്ട സംവിധാനങ്ങൾ നടത്താതെ പരിസരത്തുള്ള യോഗക്ഷേമസഭയുടെ പറമ്പിലേക്ക് ഒഴുക്കുകയും, അത് കുടിവെള്ളസ്രോതസുമായി അനുവദനീയമായ ഏഴര മീറ്റർ അകലമില്ലാത്തതിനാൽ സഭയുടെ കിണർ മലിനമാവുകയും ചെയ്തു. ശരിയായ രീതിയിൽ ശുചിമുറി മാലിന്യം സംസ്‌കരിക്കാൻ സ്റ്റെപിക് ടാങ്കും, സോക്കേജ് പിററും നിർമ്മിക്കാൻ സമയം അനുവദിച്ചിരുന്നു. എന്നാൽ ഇതുവരെ നടപ്പാക്കിയിട്ടില്ല. നിരവധി തവണ നോട്ടീസ് നൽകുകയും ഫൈൻ ഈടാക്കുകയും ചെയ്തിരുന്നു. ജില്ലാ എൻഫോഴ്‌മെന്റ് സ്‌ക്വാഡും ഫൈൻ ചുമത്തിയിരുന്നു. പകർച്ചവ്യാധികളായ മഞ്ഞപ്പിത്തം കോളറ, ടൈഫോയ്ഡ് ,പോളിയോ എന്നിവയ്ക്ക് കാരണമാകും എന്ന അവസ്ഥയിലാണ് അടച്ചുപൂട്ടാൻ ആരോഗ്യ വകുപ്പ് പഞ്ചായത്തിന് ശുപാർശ നൽകിയത്. ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്‌പെക്ടർ പി.പി.ജയ്ജാജാൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എം.ബി.ബിനോയ്, പി.ഷീന, പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ അശ്വതി സിദ്ധാർത്ഥൻ എന്നിവരടങ്ങുന്ന ടീമാണ് നടപടികളെടുത്ത്, റിപ്പോർട്ട് ആരോഗ്യ വകുപ്പ് ജില്ലാ മേധാവി, ഹെൽത്ത് സൂപ്പർവൈസർ എന്നിവർക്ക് നൽകിയത്.