1
1

അരിമ്പൂർ: പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ കമ്പോഡിയൻ മുന്തിരിക്കൃഷി വിജയിച്ചതിന്റെ ആഹ്‌ളാദത്തിലാണ് എറവിലെ യുവ കർഷകനായ റിതുൽ (31). ഒരു വർഷം മുൻപ് സമീപ ജില്ലയിൽ നിന്ന് കൊണ്ടു വന്ന് നട്ട് നനച്ച് പരിപാലിച്ച കമ്പോഡിയൻ മുന്തിരികൾ ഓരോ കുലകളായി പഴുത്തു തുടങ്ങി. 15ാം വയസ് മുതൽ കൃഷിയിടത്തിൽ സജീവമായതാണ് റിതുൽ. ഡിഗ്രി പഠനത്തിന് ശേഷം പൂർണമായും കൃഷിയിൽ ഒതുങ്ങി. പുതുമകൾ പരീക്ഷിക്കാനും ചെറിയ ഇടങ്ങളിൽ പോലും മികച്ച രീതിയിൽ കൃഷി ചെയ്ത് വരുമാനം ഉണ്ടാക്കാമെന്നും റിതുൽ ഇതിനകം തെളിയിച്ചു കഴിഞ്ഞു.
ഒരു വർഷം മുൻപാണ് കമ്പോഡിയൻ മുന്തിരിയുടെ ചെടികൾ എത്തിച്ച് റിതുൽ കൃഷി ആരംഭിക്കുന്നത്. മൂന്നുമാസം കഴിഞ്ഞപ്പോൾ പൂവിട്ട ചെടിയിൽ ഇപ്പോൾ മുന്തിരികൾ തളിർത്ത് പഴുത്തു തുടങ്ങിയിരിക്കുന്നു. 35 ഓളം കുലകളാണ് പാകമായി കൊണ്ടിരിക്കുന്നത്. ഒരു കുലയിൽ നാല് കിലോ വരെ മുന്തിരികൾ ലഭിക്കുന്ന ഇനമാണ് കമ്പോഡിയൻ. കമ്പോഡിയൻ മുന്തിരിക്കൃഷി വിജയിച്ച സാഹചര്യത്തിൽ കൂടുതൽ കൃഷി ചെയ്യാനാണ് റിതുലിന്റെ പദ്ധതി. നിരവധി പേരാണ് റിതുലിന്റെ കൃഷിത്തോട്ടം സന്ദർശിക്കാൻ എത്തുന്നത്. ചാലിശ്ശേരി കുറ്റൂക്കാരൻ ദേവസിയുടെയും എൽസിയുടെയും മകനാണ് റിതുൽ.

വീടിരിക്കുന്ന സ്ഥലത്ത് മുഴുവൻ കൃഷി
റിതുലിന്റെ വീടിരിക്കുന്ന 11 സെന്റ് സ്ഥലത്ത് മുഴുവൻ കൃഷിയാണ്. മഞ്ഞൾ, ഇഞ്ചി, ചെണ്ടുമല്ലി, കറിവേപ്പില, ഡ്രാഗൺ ഫ്രൂട്ട്, കറ്റാർവാഴ, കൂവ, ചേമ്പ് തുടങ്ങി ഒട്ടനവധി ഇനങ്ങളും തേനീച്ച വളർത്തൽ, മീൻ വളർത്തൽ, കോഴി, താറാവ്, പ്രാവ് എന്നിവയുമുണ്ട്. അഞ്ച് പശുക്കളും കിടാരിയും ഒപ്പം രണ്ടേക്കറിൽ കൃഷിയും റിതുൽ ചെയ്തു വരുന്നു. കൃഷികളെല്ലാം വീടിനു ചുറ്റും ചേർന്നുള്ള പറമ്പിലുമാണ്. ജൈവവളങ്ങൾ ഉപയോഗിച്ചാണ് റിതുലിന്റെ കൃഷി രീതികൾ.

അവാർഡുകൾ ഒട്ടേറെ