ചാലക്കുടി: പോട്ട താണിച്ചിറയിൽ കോൺക്രീറ്റ് ചെയ്ത റോഡിന്റെ ഓരം ഇടിഞ്ഞു. താണിച്ചിറ കടമ്പോട്ടുകുളം റോഡിന്റെ ഒരു ഭാഗമാണ് കഴിഞ്ഞദിവസത്തെ മഴയെ തുടർന്ന് ഇടിഞ്ഞത്. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് മണ്ണെടുത്ത കാനയിൽ വെള്ളം കെട്ടിക്കിടന്നതാണ് റോഡ് ഇടിച്ചിലിന് കാരണമായത്.
അശ്രദ്ധമായി നിർമ്മാണ പ്രവൃത്തികൾ നടത്തിയെന്നാണ് നാട്ടുകാരുടെ പരാതി. റോഡ് ഇനിയും ഇടിയുമെന്ന ഭീതിയിൽ ഇതിലേ വാഹനങ്ങൾ കൊണ്ടുപോകാൻ ആളുകൾ മടിക്കുന്നു. ദുരന്ത നിവാരണ ഫണ്ടുപയോഗിച്ച് എത്രയും പെട്ടെന്ന് റോഡിനെ സംരക്ഷിച്ചില്ലെങ്കിൽ വലിയ അപകടം ഉണ്ടാകുമെന്നും സമീപവാസികൾ പറഞ്ഞു. അമൃത് പദ്ധതിയുടെ ഭാഗമായി പൈപ്പിടുന്ന നിർമ്മാണ പ്രക്രിയ കൊണ്ട് ഒന്നാം വാർഡിലെ ഹോളി ക്രോസ് ഉൾപ്പെടെ പല റോഡുകളും തകർച്ചാഭീഷണി നേരിടുന്നുണ്ട്.