ചേർപ്പ്: ചൈനയിലെ ഹംഗ്‌ഷോയിൽ നടക്കുന്ന നാലാമത് ബേയ്‌സ്ബാൾ ഫെഡറേഷൻ ഒഫ് ഏഷ്യ, വുമൺസ് ബേയ്‌സ്ബാൾ ഏഷ്യൻ കപ്പ് (വേൾഡ് കപ്പ് ക്വാളിഫയർ) ചാമ്പ്യൻഷിപ്പിലെ ഇന്ത്യൻ ടീമിൽ ഇടം നേടി ചേർപ്പ് പെരുമ്പിള്ളിശ്ശേരി സ്വദേശിനി പി.എസ്.ശ്രീപാർവതി. തൃശൂർ സെന്റ് മേരീസ് കോളേജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയാണ്. ചേർപ്പ് സ്‌പോർട്‌സ് അക്കാഡമി താരമായ ശ്രീപാർവതി ഇത് രണ്ടാം തവണയാണ് ഇന്ത്യക്ക് വേണ്ടി ജഴ്‌സി അണിയുന്നത്. കഴിഞ്ഞ ഏപ്രിലിൽ തായ്‌ലാന്റിൽ നടന്ന നാലാമത് ഏഷ്യ കപ്പ് ക്വാളിഫയർ മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി ക്യാച്ചറായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. പെരുമ്പിള്ളിശ്ശേരി ചിത്തിരയിൽ സൂരജ്-മബിത ദമ്പതികളുടെ മകളാണ്. സഹോദരി ശ്രീലക്ഷ്മി ബി.ടെക് ഡയറി ടെക്‌നോളജി വിദ്യാർത്ഥിനിയാണ്. ശ്രീപാർവ്വതി ഇന്ന് മത്സരത്തിനായി ഡൽഹിയിൽ നിന്നും ചൈനയിലേയ്ക്ക് യാത്ര തിരിക്കും.