yogam

കൊടുങ്ങല്ലൂർ : ശ്രീനാരായണപുരം പഞ്ചായത്തിൽ സാഹിബിന്റെ പള്ളിനടയിൽ ദേശീയപാതയിൽ അടിപ്പാത യാഥാർത്ഥ്യമാക്കി ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് ശ്രീനാരായണപുരം മേഖലാ കമ്മിറ്റി നടത്തിയ പ്രതിഷേധയോഗം ഇ.ടി.ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.എൻ.സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.വിദ്യാർത്ഥികൾ ഉൾപ്പെടെ സാധാരണക്കാരായ ജനവിഭാഗങ്ങൾക്ക് വിവിധ ഓഫീസുകളിലും വിദ്യാലയത്തിലും മറ്റു ആവശ്യങ്ങൾക്കും പ്രയാസമില്ലാതെ എത്തിച്ചേരുന്നതിന് അടിപ്പാതയോ മേൽപ്പാതയോ ചാവക്കാട് റൂട്ടിൽ നിർമ്മിച്ച മേൽപ്പാതയോ അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.മോഹനൻ, എൽ.ഡി.എഫ് നേതാക്കളായ മുസ്താക്കലി, കെ.കെ.അബീദലി, അഡ്വ.എ.ഡി.സുദർശനൻ, ടി.കെ.രമേഷ് ബാബു, എ.എസ്.സിദ്ധാർത്ഥൻ, എ.പി.ജയൻ, എം.ആർ.ജോഷി, ശ്രീരാജ്, രഘുനാഥ്, വൈസ് പ്രസിഡന്റ് സജിത പ്രദീപ്, പി.എ.നൗഷാദ്, കെ.എ.അയൂബ്, എം.വി.സജീവ് തുടങ്ങിയവർ സംസാരിച്ചു.

പഞ്ചായത്ത് നേരത്തെ പറഞ്ഞു

2020ൽ കരട് അലൈൻമെന്റ് പ്രസിദ്ധീകരിച്ചപ്പോൾ കരടിൽ എല്ലാ മെയിൻ റോഡുകൾക്ക് കുറുകെയും ക്രോസിംഗ് ഉൾപ്പെടുത്തണമെന്ന വിഷയം പഞ്ചായത്ത് ഭരണ സമിതി ഉന്നയിച്ചിരുന്നതായി യോഗം ചൂണ്ടിക്കാണിച്ചു. തിരുവനന്തപുരം ദേശീയപാത അതോറിറ്റി സംസ്ഥാന റീജ്യണൽ ഓഫിസർ ബി.എൽ.മീണയ്ക്ക് നിവേദനം നൽകി. മന്ത്രി പി.എ.മുഹമ്മദ് റിയാസിനും ബെന്നിബെഹന്നാൻ എം.പിക്കും കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിക്കും നിവേദനം നൽകിയിരുന്നു. വിവിധ ഘട്ടങ്ങളിലായി കളക്ടറും ഉന്നത ഉദ്യോഗസ്ഥരം സ്ഥലം സന്ദർശിച്ചു.