തൃശൂർ: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്തമഴയിൽ വെള്ളം മുങ്ങി പുല്ലഴി കോൾപടവിലെ 200 ഏക്കർ സ്ഥലത്തെ കൃഷി നശിച്ചു. നെൽവിത്ത് വിതച്ച പാടം വെള്ളം മുങ്ങി കിടന്നതോടെയാണ് കൃഷി നശിച്ചത്. ഉമ നെൽവിത്താണ് വിതച്ചിരുന്നത്. ഒമ്പത് ടൺ നെൽവിത്ത് വിതച്ച് ഞാറ് മുളയ്ക്കുന്നത് കാത്തിരിക്കുകയായിരുന്നു കൃഷിക്കാർ. ഇത് മുഴുവനായും നശിച്ചു. നെൽവിത്ത് ഉടൻ ലഭ്യമാക്കാൻ നടപടിയെടുക്കണമെന്ന് പുല്ലഴി കോൾപടവ് സഹകരണ സംഘം പ്രസിഡന്റ് കോളങ്ങാട്ട് ഗോപിനാഥൻ അഭ്യർത്ഥിച്ചു.
കഴിഞ്ഞ സീസണിൽ കാലാവസ്ഥ വ്യതിയാനം മൂലം നെൽ ഉൽപ്പാദനത്തിൻ ഭീമമായ കുറവാണ് ഉണ്ടായത്. ഇതുമൂലം കർഷകർ കടക്കെണിയിലായി. കൃഷിനാശം സംഭവിച്ച ഇനത്തിൽ കർഷകർക്ക് ലഭിക്കേണ്ട വിളനാശം ഇൻഷുറൻസ് ഇതുവരെ ലഭിച്ചിട്ടില്ല. ഇതോടെ താലി പണയംവച്ച് പോലും കൃഷിയിറക്കിയവർ കഷ്ടത്തിലായിരിക്കയാണ്. ഇൻഷുറൻസ് തുക എത്രയും വേഗം ലഭ്യമാക്കിയില്ലെങ്കിൽ ഇനി കൃഷിയിറക്കാൻ പറ്റാത്ത സാഹചര്യമാകുമെന്ന് കർഷകർ പറഞ്ഞു.