കൊടുങ്ങല്ലൂർ : ബൈപാസിലെ സി.ഐ ഓഫീസ് ജംഗ്ഷനിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച രണ്ടാംഘട്ട സമരത്തിന്റെ 700-ാംദിവസം പിന്നിട്ട ഇന്നലെ എലിവേറ്റഡ് ഹൈവേ കർമ്മ സമിതി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സി.ഐ.ഓഫീസ് സിഗ്‌നൽ പരിസരത്തെ സമരപ്പന്തലിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി സമരപന്തലിൽ തന്നെ സമാപിച്ചു. തുടർന്ന് ചേർന്ന പ്രതിഷേധയോഗം എഴുത്തുകാരനും റിട്ട. അദ്ധ്യാപകനുമായ മൊയ്തീൻ ഉദ്ഘാടനം ചെയ്തു. കർമ്മ സമിതി ചെയർമാൻ അഡ്വ. കെ.കെ.അൻസാർ അദ്ധ്യക്ഷനായി. കെ.സി.ജയൻ, പി.ജി.നൈജി, സുശീൽ കുമാർ എന്നിവർ സംസാരിച്ചു. രേഖാമൂലമുള്ള ഉറപ്പ് കിട്ടുവരെ സമരം തുടരാൻ പൊതുയോഗം തീരുമാനിച്ചു.