തൃശൂർ: കെട്ടിടം പണി പൂർത്തിയായി, പ്രവർത്തനം തുടങ്ങി ഒരു വർഷം പിന്നിട്ടിട്ടും ബിനിയെ കുറിച്ചുള്ള വാദപ്രതിവാദം ഒഴിയുന്നില്ല. ഇന്നലെ നടന്ന കൗൺസിൽ യോഗത്തിലും ബിനി വിഷയമായ അജൻഡയിൽ പ്രതിപക്ഷവും ഭരണപക്ഷവും കൊമ്പുകോർത്തു. വാടക അടയ്ക്കാത്തതുമായി ബന്ധപ്പെട്ട് ബിനി ടൂറിസ്റ്റ് ഹോം സീൽ ചെയ്യുമെന്ന് കോർപറേഷൻ സെക്രട്ടറി കത്ത് നൽകിയിട്ടും കുടിശിക വാങ്ങാനോ കരാറുകാരനെതിരെ നടപടി സ്വീകരിക്കാനോ കോർപറേഷന് കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. നിയമവശം നോക്കി കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐയിലെ സാറാമ്മ റോബ്‌സണും രംഗത്തെത്തി.
ബിനി ടൂറിസ്റ്റ് ഹോം കെട്ടിടം ലൈസൻസിക്ക് ഔദ്യോഗികമായി കൈമാറുന്നതുമായി ബന്ധപ്പെട്ടുള്ള അജൻഡയിലായിരുന്നു വാദപ്രതിവാദങ്ങൾ അരങ്ങേറിയത്. പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, എൻ.എ.ഗോപകുമാർ, വിനോദ് പൊള്ളാഞ്ചേരി, ലാലി ജയിംസ്, സുനിൽ രാജ്, വിനേഷ് തയ്യിൽ എന്നിവർ പ്രതിപക്ഷനിരയിൽ നിന്ന് ആശങ്ക ഉയർത്തി. ഭരണപക്ഷത്ത് നിന്ന് മേയർ എം.കെ.വർഗീസും വർഗീസ് കണ്ടംകുളത്തിയും വിഷയത്തിൽ വിശദീകരണം നടത്തി. നിർമാണപ്രവൃത്തികൾക്ക് ലൈസൻസിക്ക് വിട്ടുകൊടുത്തതു മുതൽ ഇതുവരെ 3.30 കോടി രൂപ വാടക അടയ്ക്കാനുണ്ടെന്നിരിക്കെ ബാദ്ധ്യത കൗൺസിലർമാരുടെ പേരിലാകരുതെന്നും പ്രതിപക്ഷ കൗൺസിലർമാരായ ജോൺ ഡാനിയലും ലാലി ജയിംസും ആവശ്യപ്പെട്ടു.
കോർപറേഷൻ പരിധിയിൽ മഴ മാപിനി സ്ഥാപിക്കണമെന്ന് ജോൺ ഡാനിയേൽ പൊതുചർച്ചയിൽ ആവശ്യപ്പെട്ടു.
ബിനി ടൂറിസ്റ്റ് ഹോമിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടതിനുശേഷം താക്കോൽ കൈമാറാനും, വാടക പിരിച്ചെടുക്കാനുമുള്ള അജൻഡ കൗൺസിലിൽ വയ്ക്കാൻ ധൈര്യം കാണിച്ച മേയറുടെയും ഭരണസമിതിയുടെയും തൊലിക്കട്ടി കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയേക്കാൾ ഭയാനകമാണ്.
-രാജൻ പല്ലൻ,
പ്രതിപക്ഷ നേതാവ്
ബിനിയുടെ പേരിൽ കുടിശിക ഒരു രൂപയാണെങ്കിൽ പോലും അത് പിരിച്ചെടുക്കുക തന്നെ ചെയ്യും. ഒരാൾക്ക് പോലും അതിന്റെ ബാധ്യത വരില്ല. യാതൊരു വിട്ടുവീഴ്ചയും ഇക്കാര്യത്തിൽ ഉണ്ടാകില്ല.
-എം.കെ.വർഗീസ്, മേയർ
ഔദ്യോഗിക കൈമാറ്റമെന്ന പേരിൽ അജൻഡ വച്ചത് തന്നെ കൗൺസിലിനെ അപമാനിക്കാനാണ്. ബന്ധപ്പെട്ട കാര്യങ്ങളിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരിൽ നടപടി സ്വീകരിക്കണം.
-വിനോദ് പൊള്ളാഞ്ചേരി, ബി.ജെ.പി പാർലമെന്ററി പാർട്ടി ലിഡർ