തൃശൂർ: കനത്ത മഴ പെയ്തിട്ടും കഴിഞ്ഞ വർഷം പീച്ചി ഡാം തുറന്നവിട്ടുണ്ടായ ദുരന്തം ഇത്തവണ ആവർത്തിക്കാത്തതിന്റെ ആശ്വാസത്തിൽ ജനങ്ങൾ. പീച്ചി ഡാമിന്റെ ജലനിരപ്പ് ക്രമീകരിക്കുന്നതിൽ കളക്ടർ അർജുൻ പാണ്ഡ്യന്റെ കൃത്യമായ മേൽനോട്ടമാണ് ഇത്തവണ രക്ഷയായത്. കഴിഞ്ഞ തവണ ഡാം നിറയുന്നതുവരെ കാത്തിരുന്ന് യാതൊരു മുന്നറിയിപ്പും നൽകാതെ രാത്രിയിൽ ഷട്ടറുകൾ അനിയന്ത്രിതമായി ഉയർത്തിയതാണ് വൻദുരന്തത്തിന് കാരണം. വെള്ളം കയറി നിരവധി വീടുകളും മതിലുകളും കൃഷിയും നശിച്ചു. കോടികളുടെ നഷ്ടമാണ് വിലയിരുത്തിയത്.
എന്നാൽ ഇത്തവണ ഡാമിന്റെ ജലനിരപ്പ് നിരീക്ഷിക്കുക മാത്രമല്ല, സമയത്ത് തന്നെ തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിക്കണമെന്ന കർശന നിർദ്ദേശവും കളക്ടർ നൽകി. പെരുമഴയിൽ ഈ വർഷവും ഡാം നേരത്തെ നിറഞ്ഞിരുന്നു. എന്നാൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന കേന്ദ്രത്തിന്റെ കേടുപാടുകൾ മഴയ്ക്ക് മുമ്പ് തീർത്ത് വെള്ളം തുറന്നുവിടാൻ സാഹചര്യവും ഒരുക്കി.
ഉദ്യോഗസ്ഥർക്കെതിരെ ഇനിയും നടപടിയില്ല
പീച്ചി ഡാം ഷട്ടറുകൾ അനിയന്ത്രിതമായി തുറന്നുവിട്ട് കോടികളുടെ നഷ്ടമുണ്ടാക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവാശ്യപ്പെട്ട് പരാതികൾ നൽകിയിട്ടും നടപടിയെടുക്കാതെ അധികൃതർ. അഡ്വ. ഷാജി കോടങ്കണ്ടത്ത് ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. രാത്രിയിൽ ഡാം തുറന്നതോടെ നിരവധി പേരാണ് അർധരാത്രിയിൽ വീട് വിട്ട് മാറേണ്ടിവന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.