
തൃശൂർ: കൃത്യമായ പ്രകാശവിന്യാസത്തിലൂടെ അഭിനേതാക്കളുടെ ഭാവങ്ങളിലും കഥാപാത്ര വികാസങ്ങളിലും പ്രകടമായ മാറ്റം വരുത്താൻ സാധിക്കുമെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞു. സംഗീത നാടക അക്കാഡമി ഫോക്കസ് ദേശീയ ലൈറ്റിംഗ് വർക്ക്‌ഷോപ്പിന്റെ സമാപന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏതൊരു സിനിമയും രംഗാവതരണവും പൂർണതയിൽ എത്തിക്കാനുള്ള ചലനാത്മകമായ ഘടകമാണ് വെളിച്ചമെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. ശിൽപ്പശാലയിലെ പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റും അദ്ദേഹം വിതരണം ചെയ്തു. ബ്ലാക്ക് ബോക്‌സിൽ നടന്ന ചടങ്ങിൽ അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി അദ്ധ്യക്ഷത വഹിച്ചു. വർക്ക്‌ഷോപ്പ് ഡയറക്ടർ ഗോപിനാഥ് കോഴിക്കോട്, ശ്രീകാന്ത് കാമിയോ, പ്രോഗ്രാം ഓഫീസർ വി.കെ.അനിൽ കുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എം.ബി.ശുഭ എന്നിവർ സംസാരിച്ചു.