udf

കൊടുങ്ങല്ലൂർ : തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും മുൻപേ കൊടുങ്ങല്ലൂരിൽ യു.ഡി.എഫിന് വിമത ഭീഷണി. നഗരസഭയിലെ വിയ്യത്തുംകുളം അഞ്ചാം വാർഡിലാണ് യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയും മുസ്ലീം ലീഗ് മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറിയുമായ എം.എ.ഇബ്രാഹിമിനെതിരെ കോൺഗ്രസ് പ്രവർത്തകൻ ഷഹീൻ കെ.മൊയ്തീൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തെത്തിയത്.

ഷഹീൻ കെ. മൊയ്തീൻ കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിൽ കണക്കൻകടവ് വാർഡിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ഇദ്ദേഹത്തെ സ്വാഗതം ചെയ്തുള്ള ഫ്‌ളക്‌സ് ബോർഡുകൾ വാർഡിൽ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടു. യു.ഡി.എഫ് സ്ഥാനാർത്ഥി എം.എ.ഇബ്രാഹീമിനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്റുകളും ബോർഡുകളും വാർഡിൽ സ്ഥാപിച്ചു.

കോൺഗ്രസാണ് നഗരസഭയിൽ മുസ്ലീം ലീഗിന് രണ്ട് സീറ്റുകൾ മത്സരിക്കാൻ നൽകിയത്. വിയ്യത്തുംകുളവും നീലക്കുംപാറയുമാണ് ലീഗിന് മത്സരിക്കാൻ നീക്കിവെച്ച സീറ്റുകൾ. നീലക്കുംപാറ വനിതാ സംവരണമായതിനാൽ ലീഗ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ലീഗിന് മത്സരിക്കാൻ വാർഡുകൾ പ്രഖ്യാപിച്ചതോടെയാണ് ഷഹീൻ കെ.മൊയ്തീനെ പിന്തുണച്ചുള്ള ബോർഡ് നിരന്നത്.

കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിലും ലീഗിന് രണ്ട് സീറ്റ് നൽകിയെങ്കിലും അവിടങ്ങളിൽ കോൺഗ്രസ് വിമതർ കയറി മത്സരിച്ചതോടെ മുസ്ലിം ലീഗ് യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് നാല് സീറ്റിൽ ഒറ്റയ്ക്ക് മത്സരിച്ചു. ഇതോടെ യു.ഡി.എഫിന് പുല്ലൂറ്റ് മേഖലയിൽ ജയസാദ്ധ്യതയുണ്ടായിരുന്ന മൂന്ന് സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥി തോറ്റു.