1
1

വടക്കാഞ്ചേരി: 2022ൽ പ്രവർത്തനം ആരംഭിക്കുകയും വൈദ്യുതി വകുപ്പ് പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താത്തത് മൂലം അടച്ചുപൂട്ടേണ്ടി വരികയും ചെയ്ത എങ്കക്കാട്ടെ ഇ-ചാ‌‌ർജിംഗ് സ്റ്റേഷൻ കെ.എസ്.ഇ.ബി അപ്ഗ്രേഡ് ചെയ്തേക്കും. രാജ്യത്തുടനീളം ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകളൊരുക്കാൻ കെ.എസ്.ഇ.ബി നോഡൽ ഏജൻസിയായി നിയോഗിക്കപ്പെട്ടതോടെയാണിത്. എങ്കക്കാട് സബ് സ്റ്റേഷന് തൊട്ടരികിൽ ഡെൽറ്റ കമ്പനി നിർമ്മിച്ച ഇ-ചാർജിംഗ് സ്റ്റേഷന് 25 കിലോവാട്ടാണ് ശേഷി. ഇതാണ് തിരിച്ചടിക്ക് കാരണമായത്. ട്രയൽ റൺ നടന്നപ്പോൾ തന്നെ പദ്ധതി പരാജയമായി. ഒരു വാഹനത്തിൽ പോലും ചാർജ് കയറാത്ത അവസ്ഥ. ഇലക്ട്രിക് വാഹന നിർമ്മാതാക്കൾ സാങ്കേതിക വിദ്യയിൽ സമൂല മാറ്റം വരുത്തിയെന്ന മുടന്തൻ ന്യായമാണ് അന്ന് വൈദ്യുതി വകുപ്പിന് ഉണ്ടായിരുന്നത്. മറ്റെല്ലായിടത്തും പ്രധാന പാതയോട് ചേർന്നാണ് വൈദ്യുതി ചാർജിംഗ് കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുള്ളതെങ്കിൽ എങ്കക്കാട് പ്രധാന പാതയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് സ്‌റ്റേഷൻ.വിയ്യൂർ സബ്‌സ്റ്റേഷനോട് അനുബന്ധിച്ചും കാർ ചാർജിംഗ് സ്റ്റേഷൻ നിർമ്മിച്ചിട്ടുണ്ട്. ഇവിടെ സുഗമമായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്.

ഏകമാർഗം ടെക്നോളജി അപ്ഡേഷൻ

അത്യന്താധുനിക സാങ്കേതിക വിദ്യയിലേക്ക് മാറുക എന്നത് മാത്രമാണ് എങ്കക്കാട് പ്രതിസന്ധി പരിഹരിക്കാനുള്ള ഏക മാർഗം. പുതിയ മെഷീനുകളിൽ കാറുകൾ 50 മുതൽ 150, ബസ്, ട്രക്ക് 240-500 കിലോവാട്ട് എന്നിങ്ങനെയാണ് ശേഷി. എങ്കക്കാട്ടിലെ മെ ഷീനുകൾ ഈ കാറ്റഗറിയിലേക്ക് മാറ്റുമെന്നാണ് കണക്ക് കൂട്ടൽ.