തൃശൂർ: അയ്യപ്പൻ വിളക്കുകളില്ലെങ്കിലും ഉടുക്കുകൊട്ടു പാട്ട് (ശാസ്താംപാട്ട്) പഠിക്കാനും വേദികളിൽ അവതരിപ്പിക്കാനും ഷാർജയിലെ മലയാളി വിദ്യാർത്ഥികൾ. 5 വയസ് മുതൽ 18 വയസു വരെയുള്ള പഠിതാക്കളിൽ പെൺകുട്ടികളാണേറെയും. ഇവരെ സൗജന്യമായി പഠിപ്പിക്കുന്നത് ദുബായിലെ ജർമ്മൻ കമ്പനിയുടെ ടെക്‌നിക്കൽ ഡിവിഷന്റെ സീനിയർ ഡയറക്ടർ ബിനീഷ് ഭാസ്‌കരനാണ്.
ശാസ്താംപാട്ടിലെ ഗുരുശ്രേഷ്ഠ പുരസ്‌കാര ജേതാവായ അച്ഛനിൽ നിന്നും ചെറുപ്പത്തിലേ ഉടുക്കുപാട്ട് അഭ്യസിച്ച ബിനീഷ്, നാട്ടിൽ 'ദിവ്യജ്യോതി അയ്യപ്പൻ വിളക്ക് സംഘത്തിന്' നേതൃത്വം നൽകി. യു.എ.ഇയിലെത്തിയപ്പോൾ അദൈ്വതിനെയും അക്ഷിതിനെയും ആദ്യം പഠിപ്പിച്ചു. അവരുമൊന്നിച്ച് ഗൾഫിലും കേരളത്തിലുമായി ഉടുക്കുപാട്ട് അവതരിപ്പിച്ചു. ഇപ്പോൾ ശിഷ്യരായി പതിനൊന്നു പേരുണ്ട്. അവധി ദിനത്തിൽ ഷാർജയിലാണ് ക്ലാസ്. വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ക്ലാസിന്റെ വീഡിയോയും ഷെയർ ചെയ്യും. ബിനീഷ് രചിച്ച 'വിഷ്ണുമായ ചരിതം, ശബരീശദർശനം, വിശ്വരക്ഷാപ്രാർത്ഥന' എന്നീ കൃതികൾ ആസ്വാദകർ ഏറ്റെടുത്തിട്ടുണ്ട്.
സംഗീതത്തിന്റെ
വഴിയിൽ
എടക്കളത്തൂരിൽ ജ്യോതിഷിയും ശാസ്താംപാട്ട് ആചാര്യനുമായിരുന്ന ഭാസ്‌കരൻ ഗുരുസ്വാമിയുടെയും പ്രേമ ഭാസ്‌കരന്റെയും മകനാണ് ബിനീഷ്. സംഗീതം ചെയ്ത 250ൽപ്പരം ഗാനങ്ങൾ സിത്താര കൃഷ്ണകുമാർ, മധു ബാലകൃഷ്ണൻ, ബിജു നാരായണൻ, താമരക്കാട് ഗോവിന്ദൻ നമ്പൂതിരി, ഡോ.ശ്രീവത്സൻ ജെ.മേനോൻ, കാഞ്ഞങ്ങാട് ശ്രീനിവാസൻ ഭാഗവതർ, കഥകളി സംഗീതജ്ഞരായ കോട്ടയ്ക്കൽ മധു, നെടുമ്പിള്ളി റാംമോഹൻ തുടങ്ങിയ പ്രശസ്തർ പാടി. ഏങ്ങണ്ടിയൂർ പ്രതാപൻ, പോർക്കുളം ബാലകൃഷ്ണൻ എന്നിവരാണ് ഗുരുക്കന്മാർ. പനയാൽ ഗോപാലകൃഷ്ണ മാരാരാണ് ചെണ്ടയിലെ ഗുരു. അഞ്ച് സംഗീത ആൽബങ്ങൾക്ക് സംഗീതം നൽകി. സോപാനസംഗീതം, പുല്ലാംകുഴൽ, നാടകം, കവിത, ചിത്രരചന, ശിൽപ്പകല, വാസ്തുവിദ്യ എന്നിവയിലും പ്രാവീണ്യമുണ്ട്.
അന്തിക്കാട് അയ്യപ്പസേവാസമിതിയുടെ ശ്രീധർമ്മശാസ്താ പുരസ്‌കാരം ഇന്ന് സത്യൻ അന്തിക്കാട് സമർപ്പിക്കും. ഭാര്യ സിജിതയ്ക്കും മക്കൾക്കുമൊപ്പം 25 വർഷമായി യു.എ.ഇയിലാണ് താമസം.
'മദ്ധ്യകേരളത്തിലെ കലാരൂപമാണെങ്കിലും തെക്കൻ ജില്ലകളിലുള്ളവരും പഠിക്കാൻ ഇഷ്ടപ്പെടുന്നു'ബിനീഷ് ഭാസ്‌കരൻ.