gold

തൃശൂർ: പൊന്നിന്റെ നിറവും ഗുണവും ശുദ്ധമായിരിക്കണമെന്ന് എന്നും നമുക്ക് നിർബന്ധമുണ്ട്. എന്തുചെയ്യാം,​ എല്ലാ സീമയും കടന്ന് പൊന്നിൻ വില റോക്കറ്റേറി നില്ക്കുകയാണ്. ഇടയ്ക്കുണ്ടായ ചെറിയ കുറവിനപ്പുറമാണ് മലയാളികളുടെ മോഹം. ഈ മോഹത്തെ പൊന്നണിയിപ്പിക്കുകയാണ് 9, 14, 18 കാരറ്റ് സ്വർണാഭരണങ്ങൾ. സ്വർണവില ലക്ഷത്തോട് അടുക്കുമ്പോൾ പുതുതലമുറയും മദ്ധ്യവർഗവും കാരറ്റ് കുറഞ്ഞ സ്വർണത്തിലേക്ക് അടുക്കുകയാണ്.

തങ്കത്തിന്റെ മേന്മയുള്ള 24 കാരറ്റ് (99.9%) സ്വർണത്തിൽ ചെമ്പ്, വെള്ളി, സിങ്ക് തുടങ്ങിയ മറ്റ് ലോഹങ്ങൾ (അലോയ്) ചേർത്താണ് ആഭരണങ്ങൾ നിർമ്മിക്കുന്നത്. താരതമ്യേന ദുർബലമായ സ്വർണത്തിന് കടുപ്പവും ബലവും നൽകുന്നത് ഇത്തരം അലോയ് ആണ്. കാരറ്റ് കുറയും തോറും സ്വർണത്തിന് കൂടുതൽ കടുപ്പവും ബലവും കൂടുമെന്നതിനാൽ വളരെ കുറഞ്ഞ കനത്തിൽ പോലും ആഭരണം നിർമ്മിക്കാമെന്നതാണ് പ്രത്യേകത. ഇതു മുതലെത്താണ് മോഹത്തെ സ്വർണം പൂശുന്ന കളി!

പരമ്പരാഗത ആഭരണങ്ങൾക്കും നിക്ഷേപ ആവശ്യങ്ങൾക്കുമായി 22 കാരറ്റ് സ്വർണമാണ് ഉപയോഗിക്കാറ്. വജ്രാഭരണങ്ങൾക്കും കല്ലുപതിപ്പിച്ച ആഭരണങ്ങൾക്കുമാണ് 18 കാരറ്റ്. ഇതേസമയം കൂടുതൽ ഫാഷണബിൾ ആയ ആഭരണങ്ങളാണ് 14, 9 കാരറ്റുകളിൽ ഒരുങ്ങുന്നത്.

20 ശതമാനവും മലയാളി

രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്റെ 20 ശതമാനവും ഉപയോഗിക്കുന്നത് മലയാളികളാണ്. ചെറുകിട, വൻകിട ജ്വല്ലറികളും ഗോൾഡ് ബൈയിംഗ് ഏജൻസികളും ഉൾപ്പെടെ 15,000ത്തോളം സ്ഥാപനങ്ങൾ കേരളത്തിലുണ്ട്. സ്വർണത്തിന് വില കൂടുന്നതോടെ ജുവലറികളും നിർമ്മാതാക്കളും കാരറ്റ് കുറഞ്ഞ ആഭരണ വിപണിയിലേക്കാണ് കൂടുതൽ ശ്രദ്ധ നൽകുന്നത്. 22 കാരറ്റ് സ്വർണം മാത്രം പണയവസ്തുവായി എടുക്കുന്നതിൽ മാറ്റം വന്നാൽ കാരറ്റ് കുറഞ്ഞ സ്വർണവും നിക്ഷേപവും സമ്പാദ്യമായി മാറും.

ലൈറ്റ് വെയ്റ്റ്, ഫാഷണബിൾ തുടങ്ങി​ സ്ത്രീകൾ നിത്യേന ഉപയോഗിക്കുന്ന ചെറിയ കമ്മലുകൾ, നേർത്ത വളകൾ, ലൈറ്റ് വെയ്റ്റ് ചെയിനുകൾ എന്നിവയും പുരുഷൻമാർക്കായുള്ള കൈചെയിനുകളും മോതിരങ്ങളും എല്ലാമാണ് കൂടുതലും കുറഞ്ഞ കാരറ്റ് സ്വർണത്തിൽ ആഭരണങ്ങളായി ഒരുങ്ങുന്നത്. നവരത്‌നങ്ങൾ, വജ്രം, മറ്റ് അലങ്കാര കല്ലുകൾ എന്നിവ ഉറപ്പിച്ചുള്ള ആഭരണങ്ങൾക്കായും ഉപയോഗിക്കുന്നു. പുതുതലമുറ കൂടുതലായി ഇത്തരം ആഭരണങ്ങളിൽ ആകൃഷ്ടരാകുന്നുവെന്ന പ്രത്യേകതയുമുണ്ട്.

കാരറ്റ്...............ശുദ്ധസ്വർണം..............മറ്റ് ലോഹങ്ങൾ......................വില 24.........................99.9%...............................0.1%..........................................12561 22...........................91.67%...............................8.3%....................................11515 18.............................75%..................................25%.....................................9421 14..............................58.33%............................41.67%..................................7326 9.................................37.5%............................62.5%...................................4710