പാവറട്ടി : മുല്ലശേരി പറമ്പൻതളി മാനിന പി.എം.എസ്.ജി.വൈ റോഡിന്റെ പുനർനിർമ്മാണം ഉടൻ ആരംഭിക്കും. ഇതിനായി ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി. ടെണ്ടർ നടപടി പൂർത്തിയാകുന്ന മുറയ്ക്ക് റോഡ് നിർമ്മാണം ആരംഭിക്കും. പറമ്പൻതളി ഷഷ്ഠി ആഘോഷത്തിന്റെ ഭാഗമായി കാലങ്ങളായി പഞ്ചായത്ത് റോഡ് അറ്റകുറ്റപ്പണി നടത്താറുള്ളതാണ്. പി.എം.എസ്.ജി.വൈയ്ക്ക് റോഡ് കൈമാറിയ സാഹചര്യത്തിൽ ഇനി പഞ്ചായത്തിന് അറ്റകുറ്റപ്പണി നടത്താനാകില്ല.
നിർമ്മാണത്തിനായി 1.32 കോടി രൂപ കൈമാറിയതായി പഞ്ചായത്ത് പ്രസിഡന്റ് ദിൽന ധനേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമ്പൂർണ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് പൊളിച്ച റോഡുകൾ റീ ടാറിംഗ് നടത്തുന്നതിന് മുല്ലശ്ശേരി പഞ്ചായത്തും മുരളി പെരുനെല്ലി എം.എൽ.എയും ചേർന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് കൊടുത്ത നിവേദനത്തെ തുടർന്ന് 6.87 കോടി രൂപ അനുവദിച്ചിരുന്നു. പി.എം.എസ്.ജി.വൈയ്ക്ക് ട്രഷറി അക്കൗണ്ട് ഇല്ലാത്തതിനാൽ പറമ്പൻതളി മാനിന റോഡ് റീ ടാറിംഗ് നടത്തുന്നതിന് 1.32 കോടി രൂപ കെട്ടിവയ്ക്കാൻ കഴിഞ്ഞിരുന്നില്ല. 2025 ജൂൺ 16ന് 6.87 കോടി രൂപയിൽ നിന്ന് പി.എം.എസ്.ജി.വൈയുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് റോഡ് നിർമ്മാണത്തിന് ആവശ്യമായ തുക കൈമാറി. വൈസ് പ്രസിഡന്റ് കെ.പി.ആലി, വാർഡ് മെമ്പർ എൻ.എസ്.സജിത്ത് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.