മുളങ്കുന്നത്തുകാവ് : ഇ.എസ്.ഐ ചികിത്സാ ആനുകൂല്യം നിഷേധിക്കപ്പെട്ട് തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ എച്ച്.ഡി.എസ് ജീവനക്കാർ. ആശുപത്രി സൂപ്രണ്ട് എച്ച്.ഡി.എസ് ജീവനക്കാരെ ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതിനായി എച്ച്.ഡി.എസിന്റെ മുൻകൂട്ടി അനുമതി വാങ്ങാതെ കോടതിയെ സമീപിക്കുകയായിരുന്നു. ഇക്കാര്യത്തിൽ ഇപ്പോഴും കോടതി തീർപ്പ് കൽപ്പിച്ചിട്ടില്ല.
ഇ.എസ്.ഐ അധികൃതർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധന നടത്തുകയും അർഹതയുള്ള എച്ച്.ഡി.എസ് താത്കാലിക ജീവനക്കാരെ കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് 2016 നവംബർ നാലിന് ഇ.എസ്.ഐ അധികാരികൾ നിലവിലുണ്ടായിരുന്ന ജീവനക്കാരെ ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെടുത്തി പണം അടയ്ക്കുന്നതിന് സൂപ്രണ്ടിന് കത്ത് നൽകി. ആശുപത്രി സൂപ്രണ്ട് ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെടുത്തേണ്ടതില്ല എന്ന തീരുമാനത്തിൽ ഉറച്ചുനിന്നുകൊണ്ട് കോടതിയെ സമീപിച്ചു. പിന്നീട് ഇ.എസ്.ഐ അധികൃതർ ആശുപത്രി വികസന സൊസൈറ്റി ഫണ്ട് എസ്.ബി.ഐ അക്കൗണ്ടിൽ നിന്നും പിടിച്ചെടുത്തു. ആശുപത്രി സൂപ്രണ്ടിന്റെ നിഷേധാത്മക നിലപാട് മൂലം മെഡിക്കൽ കോളേജിൽ കാലങ്ങളായി ജോലി ചെയ്തുവരുന്ന എച്ച്.ഡി.എസ് ജീവനക്കാർക്ക് യാതൊരു ഇ.എസ്.ഐ ചികിത്സാനുകൂല്യങ്ങളും ലഭ്യമാകുന്നില്ല.
എച്ച്.ഡി.എഫ് ഫണ്ട് നഷ്ടമാകുന്നു
ആശുപത്രിയിലെത്തുന്ന രോഗികളിൽ നിന്നും പിരിച്ചെടുക്കുന്ന എച്ച്.ഡി.എസ് ഫണ്ട് ആശുപത്രിയിലെ ദൈനംദിന പ്രവർത്തനങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും തൊഴിലാളികളുടെ ആവശ്യങ്ങൾക്കും ഉപയോഗിക്കേണ്ടതിന് പകരം പ്രയോജനപ്പെടുത്താതെ നഷ്ടപ്പെടുകയാണെന്ന് എച്ച്.ഡി.എസ് ജീവനക്കാർ ആരോപിച്ചു.
മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിമാർക്കും പരാതി
തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ എച്ച്.ഡി.എസ് ജീവനക്കാരെ ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗവ. മെഡിക്കൽ കോളേജ് എച്ച്.ഡി.എസ് എംപ്ലോയീസ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) രംഗത്തെത്തി. നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, തൊഴിൽമന്ത്രി തുടങ്ങിയവർക്ക് നിവേദനം നൽകിയതായി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി, എച്ച്.ഡി.എസ് എംപ്ലോയീസ് കോൺഗ്രസ് പ്രസിഡന്റ് കെ.എൻ.നാരായണൻ, അവണൂർ മണ്ഡലം പ്രസിഡന്റ് ഐ.ആർ.മണികണ്ഠൻ എന്നിവർ അറിയിച്ചു.