കൊടുങ്ങല്ലൂർ: കോട്ടപ്പുറം കായലിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ ജേതാവായി. പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനവും പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം ചുണ്ടൻ മൂന്നാംസ്ഥാനവും നേടി. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ നാലാമത്ത മത്സരമാണ് കോട്ടപ്പുറം കായലിൽ നടന്നത്. ഇതോടൊപ്പം മുസിരിസ് ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഇരുട്ടു കുത്തി വള്ളങ്ങളുടെ മത്സരത്തിൽ ബി ഗ്രേഡ് വിഭാഗത്തിൽ മടപ്ലാത്തുരുത്തി വള്ളം ഒന്നാംസ്ഥാനത്തും വടക്കുംപുറം വള്ളം രണ്ടാംസ്ഥാനത്തും സെന്റ് സെബാസ്റ്റ്യൻസ് വള്ളം മൂന്നാംസ്ഥാനത്തുമെത്തി. എ ഗ്രേഡ് വിഭാഗത്തിൽ ഗരുഡൻ വള്ളം ഒന്നാം സ്ഥാനം നേടി. താണിയൻ വള്ളം രണ്ടാംസ്ഥാനവും ഗോതുരുത്ത് പുത്രൻ മൂന്നാംസ്ഥാനവും നേടി.
വി.ആർ.സുനിൽകുമാർ എം.എൽ.എ മത്സരം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ ടി.കെ.ഗീത അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, ബോബി ചെമ്മണ്ണൂർ എന്നിവർ മുഖ്യാതിഥികളായി. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് വള്ളംകളി ഫ്‌ളാഗ് ഓഫ് ചെയ്തു. വി.ആർ.സുനിൽകുമാർ എം.എൽ.എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസും ചേർന്ന് വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.