
പുത്തൻചിറ : കനത്തമഴയിലും വെള്ളപ്പൊക്കത്തിലും മുങ്ങിയ ഞാറുകൾക്ക് പുതുജീവൻ നൽകാൻ ഡ്രോൺ വള പ്രയോഗവുമായി പുത്തൻചിറ കൃഷി ഭവൻ. നെൽക്കൃഷി പൂർണമായി മുങ്ങിക്കിടന്നത് കർഷകരെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാൽ, വെള്ളം ഒഴിഞ്ഞതോടെ ഞാറുകൾക്ക് ജീവൻ വച്ച് തുടങ്ങി. കൃഷിവകുപ്പിന്റെ സമയോചിത ഇടപെടലിലൂടെ, മുങ്ങിക്കിടന്ന കൃഷിക്ക് പുതുജീവൻ നൽകുന്ന നടപടികളാണ് ഇപ്പോൾ നടക്കുന്നത്.
'വെള്ളപ്പൊക്കത്തിന്റെ ആഘാതത്തിൽ നിന്ന് കൃഷി വീണ്ടെടുക്കാൻ നല്ല രീതിയിലുള്ള വളപ്രയോഗം അനിവാര്യമാണ്,' ഉദ്യോഗസ്ഥർ നിർദേശിച്ചു. ഞാറ് നട്ട് 30 ദിവസത്തിനുള്ളിൽ 'സമ്പൂർണ്ണ ജൈവാമൃതം' എന്ന ജൈവവളം ഡ്രോൺ ഉപയോഗിച്ച് തളിക്കണമെന്നാണ് പ്രധാന നിർദേശം. ഇതിനായി ഒരേക്കറിന് നൂറ് രൂപ മാത്രം
കർഷകൻ നൽകിയാൽ മതി.
ബാക്കി തുക കൃഷിഭവൻ സബ്സിഡിയായി നൽകും. കർഷകർക്ക് ആശ്വാസമായ ഈ പദ്ധതി, ജൈവക്കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സാങ്കേതികവിദ്യയുടെ സഹായത്തോടെ കൃഷി സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമാണ്. പുത്തൻചിറ കൃഷിഭവന്റെ നേതൃത്വത്തിൽ വില്വമംഗലം പാടശേഖരം സന്ദർശിച്ച കൃഷി ഉദ്യോഗസ്ഥർ, നെൽക്കൃഷിയുടെ സ്ഥിതി വിലയിരുത്തി.
സെക്രട്ടറി പി.സി.ബാബു, പ്രസിഡന്റ് സി.എസ്.സുഭാഷ്, കൃഷി ഓഫീസർ എം.എം.സാന്ദ്ര എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം, അസി. കൃഷി ഓഫീസർമാരായ എം.എസ്.ചിക്കു, എം.എസ്.സ്മിത എന്നിവരും കർഷകരും ചേർന്ന് പാടത്തിന്റെ എല്ലാ കണ്ടങ്ങളിലും കയറി പരിശോധന നടത്തി. മുങ്ങിക്കിടന്ന ഞാറുകൾ വെയിലേറ്റതോടെ ഉഷാറായി. വെള്ളപ്പൊക്കത്തിന്റെ ദുരന്തത്തിൽ നിന്ന് മുക്തി നേടി, പച്ചപ്പണിയുമെന്ന പ്രതീക്ഷയിലാണ് കർഷകസമൂഹം.