വടക്കാഞ്ചേരി: ഷൊർണൂർ - തൃശൂർ റെയിൽപാളത്തിൽ റെയിൽവേക്ക് ആശങ്കയായി അകമല വനത്തിന് നടുവിലൂടെയുള്ള തൃശൂരിൽ നിന്ന് ഷൊർണൂരിലേക്കുള്ള പാളം. മണ്ണിടിച്ചിലും വന്യമൃഗങ്ങൾ പാളത്തിലിറങ്ങുന്നതുമാണ് പ്രധാന ആശങ്ക. ട്രാക്കിൽ കൊടുംവളവും കുത്തനെയുള്ള കയറ്റവുമാണ്. വടക്കാഞ്ചേരിക്കും മുള്ളൂർക്കരയ്ക്കും ഇടയിൽ ഈ ഭാഗത്തെത്തുമ്പോൾ വന്ദേഭാരത് ട്രെയിനും കുറഞ്ഞ വേഗത്തിലാണ് സഞ്ചരിക്കുന്നത്. അകമല മേൽപ്പാല പരിസരത്താണ് ദൂരക്കാഴ്ച മറക്കുന്ന വളവുള്ളത്. തൃശൂർ ഭാഗത്തേക്ക് അവിടെ നിന്നാരംഭിക്കുന്ന കയറ്റം വടക്കാഞ്ചേരി വരെ നീളും. ചരക്ക് ട്രെയിനുകൾ എങ്കക്കാട് ഗേറ്റിന് കുറുകെ നിന്ന് പോകുന്നത് പലപ്പോഴും റോഡ് യാത്രയ്ക്കും ദുരിതമാകും. 32 കിലോമീറ്ററാണ് ഷൊർണൂർ - തൃശൂർ പാളത്തിന്റെ ദൂരം. 21 ട്രെയിനുകളാണ് സർവീസ് നടത്തുന്നത്.
സുരക്ഷയ്ക്ക് കോടികൾ
അകമലയിലെ മണ്ണിടിച്ചിൽ പ്രതിരോധത്തിന് റെയിൽവേ ചെലവഴിക്കുന്നത് കോടികളാണ്. കഴിഞ്ഞവർഷം ജൂലായ് 30ന് മഴയെ തുടർന്ന് പാളത്തിലേക്ക് വെള്ളവും മണ്ണും ഇരച്ചെത്തി. ബംഗളൂരു കന്യാകുമാരി ഐലൻഡ് എക്‌സ്പ്രസ് അപകടത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. ലോക്കോ പൈലറ്റ് അകലെ നിന്ന് കണ്ടതോടെ ട്രെയിൻ നിറുത്തി. മൂന്ന് കോടി അനുവദിച്ച് പാർശ്വഭിത്തി നിർമ്മാണം ആരംഭിച്ചു. കഴിഞ്ഞ ജൂൺ 28 ന് പാളത്തിലെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. മണൽച്ചാക്ക് അട്ടിയിട്ടാണ് താത്കാലിക പരിഹാരം കണ്ടെത്തിയത്. ഉരുക്ക് വലകളും സ്ഥാപിച്ചു.
മേൽപ്പാലത്തിന് താഴെ പാറ തുരന്നാണ് പാള നിർമ്മാണം.
നിവർത്താൻ മൂന്നാം പാത
വളവും കയറ്റങ്ങളും ഒഴിവാക്കാൻ മൂന്നാം പാത
കിലോമീറ്ററിന് 100 കോടി വീതം 12,000 കോടി
ഭാരതപ്പുഴയ്ക്ക് കുറുകെ പുതിയ പാലം
ചെലവ് 450 കോടി