പാലപ്പിള്ളി : കുണ്ടായിയിൽ ഇന്നലെ പുലർച്ചെ പുലിയിറങ്ങി പശുവിനെ ആക്രമിച്ചു. വരന്തരപ്പിള്ളി പഞ്ചായത്ത് അംഗം ഷീല ശിവരാമന്റെ പശുവിനെയാണ് പുലി ആക്രമിച്ചത്. പശുവിന്റെ പിറകുവശത്തെ മാംസം പുലി ഭക്ഷിച്ച നിലയിലാണ്. തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാഡിയിലാണ് പുലിയിറങ്ങിയത്. പാലപ്പിള്ളിയിൽ നിന്ന് വനപാലകരെത്തി പരിശോധന നടത്തി. ഒരു മാസത്തിനിടെ നാലാം തവണയാണ് ഈ പ്രദേശത്ത് പുലിയിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നത്. ഷീല ശിവരാമന്റെ പശുവിനെ മുമ്പും പുലി ആക്രമിച്ചിരുന്നു. പുലിയുടെ ആക്രമണം പതിവായതോടെ പ്രദേശവാസികൾ ഭീതിയിലാണ്. മേഖലയിൽ ഭീതി പരത്തുന്ന പുലിയെ പിടികൂടാൻ വനം വകുപ്പ് ഉടനെ നടപടി എടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടു.