ഗുരുവായൂർ : നഗരസഭയുടെ ആഭിമുഖ്യത്തിൽ ഹരിതകർമ്മസേന സംരംഭകത്വ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച അഗ്രോ നഴ്‌സറിയുടെ ഉദ്ഘാടനവും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജി പൂർണകായ പ്രതിമയുടെ അനാച്ഛാദനവും നടത്തി. ചൂൽപ്പുറം ബയോ പാർക്കിൽ നടന്ന ചടങ്ങിൽ കെ.എസ്.ഡബ്ല്യു.എം.പി പ്രൊജക്ട് ഡയറക്ടർ ഡോ. ദിവ്യ എസ്.അയ്യർ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് അദ്ധ്യക്ഷനായി. ചടങ്ങിനോട് അനുബന്ധിച്ച് നഗര ഉപജീവന കേന്ദ്രം വഴി തൊഴിൽ ലഭിച്ചവരുടെ സംഗമവും നടന്നു. ഹരിതകർമ്മസേനയെ അധിക വരുമാനത്തിലൂടെ സ്വയംപര്യാപ്തരാക്കുക, അവരുടെ ജീവിത നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ കെ.എസ്.ഡബ്ല്യു.എം.പിയുടെ സംരംഭകത്വ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപയും നഗരസഭ തനത് ഫണ്ടും ഉപയോഗിച്ചാണ് അഗ്രോ നഴ്‌സറിയുടെ നവീകരണവും ഗുരുവായൂർ നഗരസഭ ബയോ പാർക്കിൽ രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ പൂർണകായ പ്രതിമയും നിർമ്മിച്ചിരിക്കുന്നത്. അനീഷ്മ ഷനോജ്, അശോക്, എ.എം.ഷഫീർ, ഷൈലജ സുധൻ, എ.എസ്.മനോജ്, ബിന്ദു അജിത്ത്കുമാർ, സിന്ധു ഉണ്ണി, കെ.പി.ഉദയൻ എന്നിവർ സംസാരിച്ചു. പ്രതിമ നിർമ്മിച്ച ടി.കെ.സ്വരാജിനെ ആദരിച്ചു.