ഊരകം : അശാസ്ത്രീയമായ നിർമ്മാണത്തെ തുടർന്ന് കുളത്തിന്റെ സംരക്ഷണഭിത്തി തകർന്നു. മുരിയാട് പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് ഊരകം വെസ്റ്റിലെ കതിർപ്പിള്ളി കുളത്തിന്റെ സംരക്ഷണഭിത്തിയാണ് തകർന്ന് കരിങ്കല്ലുകൾ വെള്ളത്തിലായത്.
പഞ്ചായത്തിന്റെ നഗര സഞ്ചയിക പദ്ധതിയിലുൾപ്പെടുത്തി 95 ലക്ഷമാണ് പദ്ധതിക്കായി അനുവദിച്ചത്. നാല് മാസം മുൻപ് നിർമ്മാണപ്രവർത്തനം ആഘോഷമായി ആരംഭിച്ചെങ്കിലും കുളത്തിന്റെ രണ്ട് വശങ്ങൾ കെട്ടിയ കരിങ്കല്ല് നിർമ്മാണം നടക്കവേ കുളത്തിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. അമ്പതിലധികം വർഷം പഴക്കമുള്ള സംരക്ഷണഭിത്തിയുടെ മുകളിൽ നിന്നും കരിങ്കല്ല് കെട്ടിപ്പൊക്കിയതാണ് ഇത് തകർന്നു വീഴുന്നതിന് കാരണമായത്. സംരക്ഷണ ഭിത്തി ഇടിഞ്ഞതോടെ കരാറുകാരൻ പണി വിട്ടുപോയി.
നാല് മാസമായി യാതൊരു തരത്തിലുമുള്ള നിർമ്മാണങ്ങളും ഇപ്പോൾ അവിടെ നടക്കുന്നില്ല. ഇതുവരെ ചെയ്ത പ്രവൃത്തിക്ക് 18 ലക്ഷത്തിന്റെ ബില്ലാണ് പഞ്ചായത്തിൽ സമർപ്പിച്ചിട്ടുള്ളത്. ഊരകം കല്ലംകുന്ന് പ്രദേശങ്ങളിലെ നൂറ് കണക്കിന് കുടുംബങ്ങൾക്കും കർഷകർക്കും ഗുണം ലഭിക്കുന്ന പദ്ധതിയാണ് ഇതോടെ വെള്ളത്തിലായതെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡന്റുമാരായ എം.കെ.കലേഷ്, കെ.എൽ.ബേബി എന്നിവർ ആവശ്യപ്പെട്ടു.