സന്ദർശകരെത്താത്ത ഡാം ടൂറിസം സർക്യൂട്ട് ലിസ്റ്റിൽ
വടക്കാഞ്ചേരി: നിയോജകമണ്ഡലത്തിലെ വിനോദകേന്ദ്രങ്ങളെ ബന്ധിപ്പിച്ച് നടപ്പാക്കുന്ന ടൂറിസം സർക്യൂട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള പത്താഴകുണ്ട് ഡാം ചോർന്നൊലിക്കുന്നു. ശക്തമായ ചോർച്ചമൂലം 2019 ൽ 1.88 കോടിയുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിരുന്നു. എന്നാൽ വലിയ തോതിൽ ജലം പുറത്തേയ്ക്ക് ഒലിച്ചിറങ്ങുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സന്ദർശകർ എത്താത്ത പത്താഴകുണ്ട് ഡാമിനെ ടൂറിസം സർക്യൂട്ടിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യവും ഉയർന്നിരുന്നു. ചെറുകിട ജലസേചന വകുപ്പിന്റെ നിയന്ത്രണത്തിലാണ് മണ്ണിൽ നിർമ്മിച്ച പത്താഴകുണ്ട്. 1978 ൽ ആണ് കമ്മീഷൻ ചെയ്തത്. നിലവിൽ ഡാമിന്റെ ചോർച്ച ജലം സംഭരണത്തേയും ബാധിച്ചിട്ടുണ്ട്.
ടൂറിസം സർക്യൂട്ട്
വാഴാനി ഡാം, ചെപ്പാറ, പേരേ പ്പാറ, പത്താഴകുണ്ട് , പൂമല ഡാമുകൾ,ചാത്തൻചിറ, വിലങ്ങൻ കുന്ന്, അടാട്ട്, തോളൂർ, പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന കോൾപ്പാടങ്ങൾ എന്നിവ ബന്ധിപ്പിച്ച് ഒരു ദിവസം കൊണ്ട് സന്ദർശിക്കാനും ആഘോഷങ്ങൾ സംഘടിപ്പിക്കാനുമാണ് ടൂറിസം സർക്യൂട്ട്
പദ്ധതി. അഡ്വഞ്ചറിസ്റ്റ് ടൂറിസം, റോവിംഗ് ,ബോട്ടിംഗ്, ഇവന്റ് നടത്തിപ്പുകൾ എന്നിവ ഉപയോഗപ്പെടുത്തും.
വാഴാനി നിറയുന്നു
മഴ ശക്തമായതോടെ വാഴാനി ഡാം അതിവേഗം നിറയുന്നു. 62.48 മീറ്റർ സംഭരണശേഷിയുള്ള ഡാമിൽ ഇന്നലെ 60.26 മീറ്റർ ജലമുണ്ട്. മഴ തുടർന്നാൽ അടുത്ത ആഴ്ചയോടെ കനാലിലേക്ക് ജലം തുറക്കേണ്ടിവരും.
പഴക്കം - 47 വർഷം
നീളം-143 മീറ്റർ
ഉയരം- 18.3 മീറ്റർ
വൃഷ്ടിപ്രദേശം - 24.28 ഹെക്ടറും
സംഭരണ ശേഷി - 1.44 ദശലക്ഷം ഘനമീറ്റർ