panchayath-ground-inaugur

ചാവക്കാട്: പുന്നയൂർ പഞ്ചായത്ത് ഗ്രൗണ്ട് നാടിന് സമർപ്പിച്ചു. രാജ്യത്തിന് സംസ്ഥാന കായിക മേഖല നൽകുന്ന മഹത്തായ സംഭാവനയാണ് 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതിയെന്നും മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്നും കായിക മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. പുന്നയൂർ പഞ്ചായത്ത് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഈ സർക്കാർ കായിക പ്രവർത്തനങ്ങൾക്കായി മാത്രം 2,500 കോടി രൂപയോളം ചെലവഴിച്ചു. വിവിധ ഭാഗങ്ങളിലായി 357 ചെറുതും വലുതുമായ സ്റ്റേഡിയങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിന് പുറമെയാണ് 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതിയുടെ ഭാഗമായുള്ള കളിക്കളങ്ങൾ. ഗ്രൗണ്ട് നിർമ്മിച്ച് നൽകുന്നതിനപ്പുറം ഓരോ പഞ്ചായത്തിലും ഓരോ പരിശീലകനേയും കായിക വകുപ്പിൽ നിന്ന് നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ചാവക്കാട് എടക്കഴിയൂർ നാലാംകല്ല് ബീച്ചിലെ പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ എൻ.കെ.അക്ബർ എം.എൽ.എ അദ്ധ്യക്ഷനായി. മുഹമ്മദ് അഷ്‌റഫ്, സുഹറ ബക്കർ, കെ.എ.വിശ്വനാഥൻ, ഷെമീം അഷറഫ്, എ.കെ.വിജയൻ, കെ.വി.അനൂപ്, കെ.ബി.ഫസലുദ്ദീൻ, പി.വി.ജാബിർ, ടി.വി.സുരേന്ദ്രൻ, എം.കെ.അറാഫത്ത് എന്നിവർ സംസാരിച്ചു.


ഒരു കോടി ചെലവിൽ ഗ്രൗണ്ട്
സംസ്ഥാന സർക്കാരിന്റെ 50 ലക്ഷം രൂപയും എൻ.കെ.അക്ബർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയും ചേർത്ത് ഒരു കോടി രൂപ ചെലവഴിച്ചാണ് പുന്നയൂർ പഞ്ചായത്ത് ഗ്രൗണ്ട് നിർമ്മിച്ചിരിക്കുന്നത്. പഞ്ചായത്തിന്റെ 70 സെന്റ് ഭൂമിയിൽ ഒരുക്കിയിരിക്കുന്ന കളിക്കളത്തിൽ പ്രധാനമായും മഡ് കോർട്ട്, ഫെൻസിംഗ്, ഫ്‌ളഡ് ലിറ്റ്, ടോയ്‌ലെറ്റ് ബ്ലോക്ക്, അനുബന്ധ ഇലക്ട്രിക്കൽ വർക്കുകൾ എന്നിവയാണ് പൂർത്തിയാക്കിയത്.