photo-
12

മാള : മന്ത്രി കെ.രാജൻ ചാലക്കുടിയിലെ കരുതലും കൈത്താങ്ങും അദാലത്തിൽ നൽകിയ ഉറപ്പും പാഴ്, വീടുകളിൽ കുടിവെള്ളമെത്താതെ മറ്റൊരു കുടിവെള്ള പദ്ധതി കൂടി. മാള മൂന്നാം വാർഡിൽ കാരൂരിൽ പട്ടികജാതി വിഭാഗങ്ങൾക്കായി നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിക്കാണ് ദുര്യോഗം.
2022-23 സാമ്പത്തിക വർഷത്തിൽ അംഗീകരിച്ച അണ്ണല്ലൂർ ആനപ്പാറ എസ്.സി കുടിവെള്ള പദ്ധതിക്ക് പഞ്ചായത്ത് തനത് ഫണ്ടിൽ നിന്ന് 42,790 രൂപയും മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് 20.25 ലക്ഷവും ഉൾപ്പെടുത്തി നിർമ്മാണം
ആരംഭിച്ചിരുന്നു. ഈ പദ്ധതിയിലൂടെ പട്ടികജാതി മേഖലയിൽ കുടിവെള്ള ക്ഷാമം തീർക്കുകയായിരുന്നു ലക്ഷ്യം. ജില്ലാ പഞ്ചായത്ത് നിർമ്മിച്ച കിണറും വാട്ടർ ടാങ്കും മേട്ടോർ ഷെഡും ഉപയോഗപ്പെടുത്തിയാണ് പദ്ധതി രൂപകൽപ്പന ചെയ്തത്.
കിണറിന്റെയും ടാങ്കിലേക്കുള്ള പൈപ്പ് ലൈൻ പണികളും കിണർ യീൽഡ് ടെസ്റ്റും വെള്ളത്തിന്റെ ഗുണനിലവാര പരിശോധനയും ഇലക്ട്രിഫിക്കേഷനും ടാങ്കിൽ ലാഡർ ഘടിപ്പിക്കലും ഫിനിഷിംഗ് ജോലികളും ഉൾപ്പെടുത്തിയതാണ് പദ്ധതി. എന്നാൽ വാട്ടർ ടാങ്ക് സ്ഥിതി ചെയ്യുന്നത് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലായതിനാൽ, അത് പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന ഓഡിറ്റ് പരാമർശം പദ്ധതിയുടെ മുന്നോട്ടുപോകൽ തടഞ്ഞു.

ഭൂമി വിഷയത്തിൽ വ്യക്തത വരുത്തി ടാങ്ക് നിൽക്കുന്ന സ്ഥലം പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ നിയമാനുസൃതമായി ഉൾപ്പെടുത്തിയാലേ പ്രവർത്തനങ്ങൾക്ക് തുടർനടപടി സ്വീകരിക്കാനാകൂ. കുടിവെള്ളം ലഭിക്കാത്തതിൽ പ്രദേശവാസികൾ ബുദ്ധിമുട്ടുമ്പോൾ പദ്ധതിയുടെ ഭാവി സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. അദാലത്തിൽ പരാതി നൽകിയത് പൊതുപ്രവർത്തകനായ ജോയ് മാതിരപ്പിള്ളിയാണ്.