മാള: തൃശൂർ സെൻട്രൽ സഹോദയ കലോത്സവം 30, 31, നവംബർ ഒന്ന് തീയതികളിൽ മാള ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്‌കൂളിൽ നടക്കും. ജില്ലയിലെ ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ, കയ്പമംഗലം, പുതുക്കാട്, നാട്ടിക നിയോജക മണ്ഡലങ്ങളിലെ നാൽപ്പതോളം സി.ബി.എസ്.ഇ സ്‌കൂളുകളിൽ നിന്നുള്ള മൂവായിരത്തോളം വിദ്യാർത്ഥികൾ 146 ഇനങ്ങളിൽ മത്സരിക്കും. കലോത്സവം നാളെ രാവിലെ 10ന് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം നിർവഹിക്കും. വി.ആർ.സുനിൽകുമാർ എം.എൽ.എ മുഖ്യാതിഥിയാകും. ഹൈക്കോടതി അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി.ജയചന്ദ്രൻ, പി.എസ്.സി അംഗം സി.ബി.സ്വാമിനാഥൻ എന്നിവർ പ്രസംഗിക്കും. മിസ് സൗത്ത് ഇന്ത്യ, മിസ് കേരള, മിസ് ഇന്ത്യ ക്യൂൻ പട്ടങ്ങൾ നേടിയ ഹർഷ ശ്രീകാന്ത് വിശിഷ്ടാതിഥിയാകും. 11 സ്‌കൂളുകളെ ചടങ്ങിൽ മന്ത്രി ആദരിക്കും. ഐ.എസ്.ആർ.ഒയുടെ സഞ്ചരിക്കുന്ന സ്‌പേസ് എക്‌സിബിഷനും ആദ്യദിവസം കലോത്സവവേദിയിൽ എത്തും. ഭരതനാട്യം, സംഘഗാനം, ഓട്ടൻതുള്ളൽ, ഗ്രൂപ്പ് പാശ്ചാത്യസംഗീതം, കോൽക്കളി, ഒപ്പന, മിമിക്രി, ലളിതഗാനം തുടങ്ങി ഇരുപതോളം രചനാമത്സരങ്ങളും നടക്കുമെന്ന് വാർത്താസമ്മേളനത്തിൽ ഡോ. രാജു ഡേവിസ് പെരേപ്പാടൻ, ഡോ. പി.എൻ.ഗോപകുമാർ, ഡോ. ബിന്ദു കെ.രാജ്, ഡോ. ലത എന്നിവർ അറിയിച്ചു.