തൃശൂർ: കലാമണ്ഡലത്തിലെ ഉദ്യോഗസ്ഥർ 50 വർഷം പിറകിലാണെന്നും ഇംഗ്ലീഷിൽ ഒരു മെയിൽ അയയ്ക്കാൻപോലും അറിയില്ലെന്നുമുള്ള മല്ലിക സാരാഭായിയുടെ അഭിപ്രായം അടിസ്ഥാനരഹിതമാണെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു.

'കലാമണ്ഡലത്തിൽ ഒരു രാഷ്ട്രീയ നിയമനവും നടത്തിയിട്ടില്ല. അവിടെ പഠിച്ചവരെയാണ് താത്കാലിക അദ്ധ്യാപകരായി നിയമിച്ചിട്ടുള്ളത്. മല്ലിക മാഡം എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയില്ല'- മന്ത്രി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

കലാമണ്ഡലത്തിൽ ഇ മെയിലിന്റെ ആവശ്യമെന്താണ്, അവിടെ ഡാൻസും പാട്ടുമാണ് നടക്കുന്നത്. മല്ലിക സാരാഭായ് ആരോപിച്ച കാര്യങ്ങൾ പരിശോധിച്ച് അവർക്കുതന്നെ നടപടി സ്വീകരിക്കാവുന്നതാണ്. കലാമണ്ഡലം വികസനത്തിനായി ഈ സർക്കാർ ഒട്ടേറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. സർവ കലകളുടെയും യൂണിവേഴ്‌സിറ്റിയാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.