തൃശൂർ: ഇരുപത്തിയേഴാമത് ഓൾ കേരള ഭവൻസ് കൾച്ചറൽ ഫെസ്റ്റ് 'പകൽപ്പൂരം' നവംബർ ഒന്നിന് പോട്ടോർ കുലപതി മുൻഷി ഭവൻസ് വിദ്യാമന്ദിറിൽ നടക്കും. നവംബർ ഒന്നിന് രാവിലെ 8.30ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ സംഗീത നാടക അക്കാഡമി ചെയർപേഴ്‌സൺ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം നിർവഹിക്കും. ഭാരതീയ വിദ്യാഭവൻ കേന്ദ്ര ചെയർമാൻ ടി.എസ്.പട്ടാഭിരാമൻ അദ്ധ്യക്ഷനാകും. കാറ്റഗറി അഞ്ചിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളാണ് മാറ്റുരയ്ക്കുന്നത്. 15 വേദികളും പോട്ടോർ ഭവൻസിലാണ് ഒരുക്കിയിക്കുന്നത്. നാല് ഒാഫ് സ്റ്റേജ് ഇനം ഉൾപ്പെടെ 23 മത്സരയിനങ്ങളാണ്. 25 ഭവൻസ് വിദ്യാലയങ്ങളിൽ നിന്നുള്ള 450 വിദ്യാർത്ഥികൾ പങ്കെടുക്കും.
സമാപനസമ്മേളനത്തിൽ കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ.സനിൽ മുഖ്യാതിഥിയാകും. കല വിദ്യാർത്ഥികളെ ഒന്നിപ്പിക്കുന്നതിനാലാണ് ഭവൻസ് ഇത്തരം ഫെസ്റ്റ് സംഘടിപ്പിക്കുന്നതെന്ന് ടി.എസ്.പട്ടാഭിരാമൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഭാരതീയ വിദ്യാഭവൻ തൃശൂർ കേന്ദ്ര സെക്രട്ടറി കെ.പി.രാധാകൃഷ്ണൻ, വൈസ് ചെയർമാൻ എൻ.വേണുഗോപാൽ, അസോസിയേറ്റ് സെക്രട്ടറി ഡോ. പി.ഇന്ദിര ദേവി, പോട്ടോർ ഭവൻസ് പ്രിൻസിപ്പൽ ഡോ. വി.ബിന്ദു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.