വിതുര: വിനോദ സഞ്ചാര കേന്ദ്രമായ പൊൻമുടി റൂട്ടിൽ യാത്രാക്ലേശം വർദ്ധിക്കുന്നു. കൂടുതൽ സർവീസ് നടത്താത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. നെടുമങ്ങാട്, വിതുര, നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് നാമമാത്രമായ സർവീസുകളാണ് നിലവിൽ പൊൻമുടി റൂട്ടിൽ ഓടുന്നത്.
സ്വകാര്യവാഹനങ്ങളൊന്നും പൊൻമുടി റൂട്ടിൽ സർവീസ് നടത്തുന്നില്ല.പൊൻമുടിയിലെത്തുന്ന സഞ്ചാരികൾ സമയത്ത് ബസില്ലാത്തതുമൂലം മടങ്ങിപ്പോകാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ടൂറിസ്റ്റുകൾ പൊൻമുടിയിൽ കുടുങ്ങിയ സംഭവങ്ങളുമുണ്ട്.
യാത്രാദുരിതം
അവധി ദിവസങ്ങളിൽ മാത്രം പൊൻമുടിയിലേക്ക് ചില സർവീസുകൾ നടത്തുന്നുണ്ടെങ്കിലും യാത്രാദുരിതത്തിന് പരിഹാരമാകുന്നില്ല. ബസിൽ പൊൻമുടിയിലെത്തുന്ന സഞ്ചാരികളിൽ നിന്ന് 40 രൂപ വീതം വനംവകുപ്പ് പാസിനത്തിൽ വാങ്ങുന്നുണ്ട്.എന്നാൽ സഞ്ചാരികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നില്ലെന്ന് വ്യാപകമായി പരാതിയുണ്ട്. ഇത് സംബന്ധിച്ച് പരാതികൾ നൽകിയെങ്കിലും നടപടികളില്ല.
നടപ്പാക്കാത്ത വാഗ്ദാനങ്ങൾ
വിനോദസഞ്ചാരികളുടെ യാത്രാസൗകര്യം പരിഗണിച്ച് പൊൻമുടിയിലേക്ക് കൂടുതൽ സർവീസ് നടത്തുമെന്ന കെ.എസ്.ആർ.ടി.സി മേധാവികളുടെ വാഗ്ദാനവും കടലാസിലുറങ്ങുകയാണ്. തിരുവനന്തപുരം, നെടുമങ്ങാട് ഡിപ്പോകളിൽനിന്നും പൊൻമുടിയിലേക്ക് പുറപ്പെടുന്ന ബസുകളിൽ തിരക്ക് കാരണം കയറാനാകാത്ത സാഹചര്യമാണ്.
വിതുര ഡിപ്പോ പ്രവർത്തനമാരംഭിച്ചപ്പോൾ പൊൻമുടിയിലേക്ക് കൂടുതൽ സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടന്നില്ല.
സഞ്ചാരികളെ ആകർഷിക്കുന്നതിനായി ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സർവീസുകൾ തുടങ്ങുമെന്ന പ്രഖ്യാപനവും കടലാസിൽതന്നെ. നേരത്തേ വിവിധ ഡിപ്പോകളിൽനിന്നും പൊൻമുടിയിലേക്കുണ്ടായിരുന്ന സർവീസുകൾ കൊവിഡ് സമയത്ത് നിറുത്തലാക്കി. ഈ സർവീസുകൾ പുനരാരംഭിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
ഉല്ലാസയാത്ര വിജയകരം
അതേസമയം കെ.എസ്.ആർ.ടി.സി ഡിപ്പോകൾ പൊൻമുടിയിലേക്ക് നടത്തുന്ന ഉല്ലാസയാത്രകൾ വിജയകരമായി മാറിയിട്ടുണ്ട്.ജില്ലയിലെ ഭൂരിഭാഗം ഡിപ്പോകളിൽ നിന്നും പൊൻമുടിയിലേക്ക് ഉല്ലാസയാത്ര നടത്തുന്നുണ്ട്. ഇതിലൂടെ കെ.എസ്.ആർ.ടി.സിക്ക് മികച്ച വരുമാനവും ലഭിക്കുന്നുണ്ട്.വരുമാനം മുൻനിറുത്തി കൂടുതൽ ബസുകൾ പൊൻമുടിയിലേക്ക് അയക്കാനുള്ള തീരുമാനത്തിലാണ് ഡിപ്പോകൾ.
പൊൻമുടി സന്ദർശകരുടെ യാത്രാസൗകര്യം പരിഗണിച്ച് വിതുര, നെടുമങ്ങാട്, തിരുവനന്തപുരം,ആര്യനാട്, പാലോട്,കാട്ടാക്കട,നെയ്യാറ്റിൻകര,വർക്കല,കുളത്തൂപ്പുഴ,ആറ്റിങ്ങൽ, കിളിമാനൂർ ഡിപ്പോകളിൽ നിന്നും പൊൻമുടിയിലേക്ക് കൂടുതൽ സർവീസുകൾ അയയ്ക്കണം. അടിയന്തരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.
കല്ലാർ എക്സ് സർവീസ് മെൻസ് റസിഡന്റ്സ്
അസോസിയേഷൻ ഭാരവാഹികൾ