വേണം ആനപ്പെട്ടി റോഡിന് ടാറിംഗ്
വിതുര: ആനപ്പെട്ടി ഭാഗത്തേക്ക് പോകുന്ന റോഡിൽ നിന്നുള്ള ഇടറോഡിന് ഒടുവിൽ ശാപമോക്ഷമായി. പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് ജംഗ്ഷനിൽ നിന്നുള്ള റോഡാണിത്. റോഡ് നവീകരിക്കാൻ ബ്ലോക്ക് പഞ്ചായത്തംഗം എസ്.എസ്.ഫർസാന 5ലക്ഷം രൂപ അനുവദിച്ചു. ഇടറോഡ് വർഷങ്ങളായി തകർന്ന് തരിപ്പണമായി കിടക്കുകയായിരുന്നു. വാഹന- കാൽനടയാത്രയും ദുസ്സഹമാണ്. മഴയായാൽ ശോച്യാവസ്ഥനിമിത്തം വാഹനങ്ങൾ ഓട്ടം വിളിച്ചാൽ എത്താൻ വിമുഖത കാട്ടുന്നു. റോഡിൽ അപകടങ്ങളും പതിവാണ്. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി നാട്ടുകാർ നിരവധി തവണ പരാതികൾ നൽകിയിരുന്നു. റോഡിന്റെ ശോച്യാവസ്ഥയും അപകടങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ബ്ലോക്ക് പഞ്ചായത്തംഗം എസ്.എസ്.ഫർസാന പ്രശ്നത്തിൽ ഇടപെട്ട് ഫണ്ട് അനുവദിച്ചത്.
ആനപ്പെട്ടി റോഡ്
തൊളിക്കോട് പഞ്ചായത്തിൽ നിന്നും ആനപ്പെട്ടിയിലേക്കുള്ള റോഡ് അടിയന്തരമായി നവീകരിക്കണമെന്ന ആവശ്യം ശക്തമായി. നേരത്തേ റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റി അദ്ധ്യക്ഷ എസ്.സുനിത റോഡ് സന്ദർശിക്കുകയും അടിയന്തരമായി 25 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. ടാറിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ല. തകർന്ന് തരിപ്പണമായ റോഡിൽ അപകടങ്ങൾ തുടർക്കഥയാണ്. സ്കൂൾ വാഹനങ്ങളടക്കം സഞ്ചരിക്കുന്ന റോഡാണിത്.
ടാറിംഗ് ഉടൻ
പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന തോട്ടുമുക്ക് ഇടറോഡ് ഗതാഗതയോഗ്യമാക്കാൻ 5 ലക്ഷം രൂപ അനുവദിച്ച ബ്ലോക്ക് പഞ്ചായത്തംഗം എസ്.എസ്.ഫർസാനയ്ക്ക് തൊളിക്കോട് പഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ തോട്ടുമുക്ക് അൻസർ നന്ദി രേഖപ്പെടുത്തി.
പ്രതികരണം
തോട്ടുമുക്ക് ആനപ്പെട്ടി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
വി.ജെ.സുരേഷ്, തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ്