കടയ്ക്കാവൂർ: കടയ്ക്കാവൂരിൽ യാത്രാക്ളേശം രൂക്ഷമാകുന്നു. കൊവിഡിനെ തുടർന്ന് കടയ്ക്കാവൂരിലും പരിസര പ്രദേശങ്ങളിലുമുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി സർവീസുകൾ നിറുത്തലാക്കിയതോടെയാണ് യാത്രാദുരിതം രൂക്ഷമായത്. പല റൂട്ടുകളിലും സർവീസുകൾ പുനഃരാരംഭിച്ചെങ്കിലും കടയ്ക്കാവൂരിലും പരിസര പ്രദേശങ്ങളിലെയും യാത്രാക്ളേശത്തെപ്പറ്റി കെ.എസ്.ആർ.ടി.സി അധികൃതർ ശ്രദ്ധിക്കുന്നതേയില്ല.
തിരുവനന്തപുരം,ആറ്റിങ്ങൽ,കടയ്ക്കാവൂർ,കായിക്കര വഴി വർക്കലയ്ക്കും തിരുവനന്തപുരം, ആറ്റിങ്ങൽ, മേൽകടയ്ക്കാവൂർ, കടയ്ക്കാവൂർ വഴി ചിറയിൻകീഴിലേക്കും തിരുവനന്തപുരം,ചിറയിൻകീഴ്,കടയ്ക്കാവൂർ വഴി അഞ്ചുതെങ്ങിലേക്കും മൂന്ന് ഓർഡിനറി ബസുകളും വർക്കല,അഞ്ചുതെങ്ങ്,കടയ്ക്കാവൂർ,ആറ്റിങ്ങൽ വഴി തിരുവനന്തപുരത്തേക്ക് ഒരു ഫാസ്റ്റ് പാസഞ്ചറും കാപ്പിൽ,വർക്കല,കടയ്ക്കാവൂർ,ആറ്റിങ്ങൽ വഴി തിരുവനന്തപുരത്തേക്ക് രണ്ട് ഓർഡിനറി സർവീസുകളും വർക്കല ക്ഷേത്രം,നെടുങ്ങണ്ട,ആറ്റിങ്ങൽ വഴി വിഴിഞ്ഞത്തേക്ക് ഒരു ഫാസ്റ്റ് പാസഞ്ചറും വർക്കല ആലംകോട് വഴി കൊല്ലത്തേക്ക് ഒരു ഓർഡിനറി സർവീസും, കടയ്ക്കാവൂർ-കൊല്ലം എൻ.എച്ച് വഴി,കടയ്ക്കാവൂർ-പാലോട് സ്റ്റേ ബസ്, കടയ്ക്കാവൂർ-പാങ്ങോട് റൂട്ട്, കടയ്ക്കാവൂർ-മടത്തറ റൂട്ട്, കടയ്ക്കാവൂർ-ആനത്തലവട്ടം വഴി തിരുവനന്തപുരം എന്നീ റൂട്ടുകളിലെല്ലാം കൊവിഡിന് മുൻപ് സർവീസുണ്ടായിരുന്നു.
മെഡിക്കൽ കോളേജ്, തിരുവനന്തപുരത്തെ മറ്റ് വിവിധ ആശുപത്രികൾ, വിവിധ ഓഫീസുകൾ എന്നിവിടങ്ങളിലെത്താൻ ഈ സർവീസുകൾ വഴി കഴിഞ്ഞിരുന്നു. നേരത്തെ ഉണ്ടായിരുന്ന ബസുകളിൽ മിക്കതും നല്ല വരുമാനമുണ്ടായിരുന്നതാണ്.
സർവീസുകൾ കൂട്ടണം
കടയ്ക്കാവൂർ,അഞ്ചുതെങ്ങ്,കായിക്കര,നെടുങ്ങണ്ട,വിളബ്ഭാഗം,നിലയ്ക്കാമുക്ക്,മണനാക്ക് തുടങ്ങിയ സ്ഥലങ്ങളിലുള്ളവർ തിരുവനന്തപുരം, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലെത്താൻ കഷ്ടപ്പെടുകയാണ്.
ഇപ്പോൾ തിരുവനന്തപുരം തീരദേശം വഴി അഞ്ചുതെങ്ങിലേക്ക് കെ.എസ്.ആർ.ടി.സി ഒരു സർവീസ് നടത്തുന്നുണ്ട്.ഈ ബസ് അഞ്ചുതെങ്ങിൽ വന്നുകിടന്നിട്ട് മണിക്കൂറുകൾ കഴിഞ്ഞാണ് തിരിച്ച് പോകുന്നത്. ഈ ബസ് കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ വരെ നീട്ടിയാൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായിരുന്നു.
സർവീസുകൾ പുനരാരംഭിക്കണം
ദേശവത്ക്കരണത്തോടനുബന്ധിച്ച് കടയ്ക്കാവൂരിൽ നിന്ന് നെടുമങ്ങാട്ടേക്ക് 6ബസ് റൂട്ടുകൾക്ക് പകരം ട്രാൻസ്പോർട്ടിന്റെ ഭാഗത്തുനിന്ന് ഒറ്റ സർവ്വീസ് പോലും നാളിതുവരെ ആരംഭിച്ചിട്ടില്ല.
അടിയന്തരമായി നേരത്തെ ഉണ്ടായിരുന്ന സർവീസുകൾ പുനരാരംഭിക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.