r

ഇക്കഴിഞ്ഞ ജൂൺ 22-ന് നവതിയിലേക്കു പ്രവേശിച്ച ടി.എൻ. ജയചന്ദ്രന് സമർപ്പിക്കുവാൻ തുമ്പമൺ തങ്കപ്പൻ ഒരുക്കിയ 'നവതിയുടെ നിറവിൽ: ടി.എൻ. ജയചന്ദ്രൻ ആദരണിക" സാധാരണ സ്‌മരണികകളിൽ നിന്ന് വ്യത്യസ്തമാണ്. ഐ.എ.എസ് കേഡറിലും അതിനു മുമ്പും കേരളത്തിൽ വിവിധ ഉന്നത തസ്‌തികകളിൽ പ്രഗത്ഭസേവനമനുഷ്ഠിച്ച അദ്ദേഹത്തെക്കുറിച്ച് വ്യത്യസ്ത മേലഖകളിൽ പ്രവർത്തിച്ച ഒരു വലിയ നിര സഹപ്രവർത്തകരുടെയും ഭരണാധികാരികളുടെയും അനുഭവങ്ങളും അഭിപ്രായങ്ങളും, കുടുംബാംഗങ്ങളുടെ സ്നേഹം നിറഞ്ഞ അനുഭവക്കുറിപ്പുകളും ഈ ആദരണികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കൂടാതെ,​ എഴുത്തുകാരനായ ടി.എൻ. ജയചന്ദ്രന്റെ കൃതികളെക്കുറിച്ചുള്ള വിലയിരുത്തലുകളും അദ്ദേഹത്തിന്റെ ലേഖനങ്ങളിൽനിന്നും പുസ്‌തകങ്ങളിൽ നിന്നുമുള്ള പ്രസക്ത ഭാഗങ്ങളും,​ 'ജീവിതം എന്നെ എന്തു പഠിപ്പിച്ചു?" എന്ന,​ അദ്ദേഹത്തിന്റെ ശ്രദ്ധേയ പംക്തിയിൽ നിന്നുള്ള വിശിഷ്ട വ്യക്തികളുടെ കുറിപ്പുകളും ഉൾക്കൊള്ളിച്ച ഈ കൃതി സമ്പന്നമായ ഒരു വായനാനുഭവം ഒരുക്കുന്നു. ശ്ലാഘനീയമായ ഒരു സംരംഭം എന്നേ ഈ കൃതിയെ വിശേഷിപ്പിക്കാനാവൂ.

ഒരു ജീവചരിത്രത്തിന് ടി.എൻ. ജയചന്ദ്രന്റെ വ്യക്തിത്വത്തിന്റെ വിവിധ മുഖങ്ങളിലേക്ക് ഇത്രത്തോളം വെളിച്ചം വീശാനാകുമായിരുന്നില്ല. കേരള കലാമണ്ഡലത്തിലെ പ്രതിനിധി, കോഴിക്കോട് സർവകലാശാലാ വൈസ് ചാൻസലർ, മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ, വിവിധ മന്ത്രിമാരുടെ സെക്രട്ടറി, 'വായന" എന്ന സാഹിത്യ സംഘടനയുടെ സ്ഥാപകൻ, എഴുത്തുകാരൻ... എന്നിങ്ങനെ എത്രയെത്ര മേഖലകളിലാണ് അദ്ദേഹം തന്റെ വ്യക്തിപ്രഭാവം തെളിയിച്ചത്! അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവരുടെ നേർസാക്ഷ്യം ഈ കൃതിയിലുണ്ട്.

തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിലും തന്റെ സർഗവൈഭവത്തിനു കോട്ടം വരാതെ, സാഹിത്യത്തോടുള്ള അഭിനിവേശം എഴുത്തിലൂടെയും മറ്റ് എഴുത്തുകാരെ പ്രോത്സാഹിപ്പിച്ചും സാഹിത്യ സംഘടനകൾക്കു രൂപം നൽകിയും അദ്ദേഹം പ്രകടിപ്പിച്ചു. ഇതിലൊക്കെ ഉപരി ഇന്നു വിരളമായി മാത്രം കണ്ടുമുട്ടാനാകുന്ന ഒരു നല്ല മനുഷ്യനെയാണ് ഈ പുസ്തകം പരിചയപ്പെടുത്തുന്നത്. 352 പേജുകളുള്ള പുസ്‌തകത്തിൽ കെ. ജയകുമാർ ഐ.എ.എസ്, എം. വിജയകുമാർ, ഡോ. എ. നീലലോഹിതദാസ്, ഡോ. ആർസു, ഡോ. എം.ആർ. തമ്പാൻ, ഡോ. വിജയരാഘവൻ തുടങ്ങി പ്രഗത്ഭരായ നിരവധി പേർ അദ്ദേഹത്തിന്റെ ഭരണ നൈപുണ്യവും ധൈഷണികജീവിതവും സർഗാത്മകതയും വിലയിരുത്തുന്നു.

മാദ്ധ്യമ രംഗത്തുനിന്ന് ബി. സുകു (കേരളകൗമുദി) 'ജയചന്ദ്രൻ ഇതുവഴി വന്നു" എന്ന ശീർഷകത്തിലും,​ ലക്ഷ്‌മി മോഹൻ 'സമയത്തിനു മുമ്പേ" എന്ന തലക്കെട്ടിലും എഴുതിയ ലേഖനങ്ങൾ ജയചന്ദ്രൻ സാറിന്റെ ജീവിതത്തിന്റെ സാക്ഷ്യപത്രങ്ങളാണ്. ഏഴു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന പുസ്‌തകത്തിന്റെ രണ്ടാം ഭാഗം വിവിധ വിഷയങ്ങളെക്കുറിച്ച് ടി.എൻ. ജയചന്ദ്രൻ എഴുതിയ ലേഖനങ്ങളാണ്. മുപ്പതു മന്ത്രിമാർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ടി.എൻ. ജയചന്ദ്രന്റെ അനുഭവസമ്പത്തും നയചാതുരിയും നർമ്മബോധവും വെളിപ്പെടുത്തുന്നതാണ് ' മന്ത്രിമാരും ഞാനും" എന്ന വിഭാഗം.

'ജീവിതം എന്നെ എന്തു പഠിപ്പിച്ചു?" എന്ന പംക്തിയിൽ നിന്ന് തിരഞ്ഞെടുത്ത പ്രതികരണങ്ങൾ അതേ ശീർഷകത്തോടെ പ്രത്യേകം ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇ.എം.എസ്, ഒ.എൻ.വി, എം.ടി, ജസ്റ്റിസ് വി.ആർ. കൃഷ്ണ‌യ്യർ, സുഗതകുമാരി... എന്നിങ്ങനെ നീളുന്നു,​ ആ പംക്തിയിലെ മഹാരഥന്മാരുടെ പേരുകൾ. പുസ്‌തകത്തിന്റെ 'ആമുഖ"ത്തിൽ ആ പംക്തിക്കു പിന്നിലെ 'ഭഗീരഥപ്രയത്നം അദ്ദേഹത്തിന്റെ ഇച്ഛാശക്തിയുടെയും ആത്മസമർപ്പണത്തിന്റെയും നിദർശനമാണ്" എന്ന് തുമ്പമൺ തങ്കപ്പൻ രേഖപ്പെടുത്തുന്നു. ടി.എൻ. ജയചന്ദ്രൻ രചിച്ച ഒരു ചെറുകഥയും, ജീവിതത്തിലെ അനർഘനിമിഷങ്ങൾ അനശ്വരമാക്കുന്ന കുറച്ച് ചിത്രങ്ങളും പുസ്തകത്തിന്റെ അവസാനഭാഗത്ത് ചേർത്തിട്ടുണ്ട്. കെ. ജയകുമാർ ഐ.എ.എസ് അഭിപ്രായപ്പെട്ടിരിക്കുന്നതുപോലെ,​ 'പ്രഭ കുറഞ്ഞുകൊണ്ടിരിക്കുന്ന പൊതുജീവിത മൂല്യങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ്" ഈ ആദരണിക.

(പ്രസാധകർ: ഭാഷാസംഗമം & പരിധി)​