തിരുവനന്തപുരം: ശംഖുംമുഖത്തെ ആറാട്ട് മണ്ഡപം കടൽക്ഷോഭത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി ആദ്യഘട്ട ജിയോ ട്യൂബുകൾ വൈകാതെ സ്ഥാപിക്കും. പൂന്തുറയിൽ പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ ജിയോ ട്യൂബുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് പഠിക്കാൻ ഐ.ഐ.ടി മദ്രാസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ഐ.ഐ.ടിയുടെ ശാസ്ത്രീയ പഠനറിപ്പോർട്ട് ലഭിച്ചാലുടൻ പണിയാരംഭിക്കുമെന്ന് ആന്റണി രാജു എം.എൽ.എ കേരളകൗമുദിയോട് പറഞ്ഞു. ജൂണിൽ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലായിരുന്നു ജിയോട്യൂബുകൾ സ്ഥാപിക്കാൻ തീരുമാനമെടുത്തത്.
നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് സാങ്കേതിക ഉപദേശകൻ എം.വി.രമണമൂർത്തിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘം തീരം സന്ദർശിച്ചിരുന്നു.ഒന്നരകിലോമീറ്റർ നീളത്തിൽ തീരത്തുനിന്ന് 200 മീറ്റർ അകലെ ജിയോ ട്യൂബുകൾ സ്ഥാപിക്കാനാണ് പദ്ധതി.
തീരക്കടലിൽ ആറുമീറ്റർ താഴ്ചയുള്ള ഭാഗത്ത് ജിയോ ട്യൂബുകൾ സ്ഥാപിച്ച് നിശ്ചിതയളവിൽ മണൽ നിറച്ച് തീരത്തെ സംരക്ഷിക്കുകയാണ് ലക്ഷ്യം. ഇതുവഴി വലിയ തിരമാലകളുടെ ശക്തി കുറയ്ക്കും. പൂന്തുറ മുതൽ വേളി വരെ രണ്ടോ മൂന്നോ ഘട്ടങ്ങളായിട്ടാവും ജിയോട്യൂബുകൾ സ്ഥാപിക്കുന്നത്. കര നിലനിറുത്താനും മത്സ്യങ്ങൾക്ക് അനുയോജ്യമായ ജൈവസമ്പത്ത് ഉറപ്പാക്കാനും ഇത് സഹായിക്കും.
നടത്തിപ്പ് ചുമതല - തീരദേശ വികസന കോർപ്പറേഷന്
ആറാട്ടുമണ്ഡപം സുരക്ഷിതം
ശംഖുംമുഖം ആറാട്ട് മണ്ഡപത്തെ സംരക്ഷിക്കാൻ പോളി പ്രോപ്പിലീൻ ജിയോബാഗുകൾ സ്ഥാപിച്ചുകഴിഞ്ഞു. ഇതോടെ ആറാട്ട് മണ്ഡപം കടൽക്ഷോഭത്തിൽ നിന്ന് താത്കാലികമായി സുരക്ഷിതമാണ്. വിനോദസഞ്ചാരത്തിനും മത്സ്യബന്ധനത്തിനും തടസമുണ്ടാവില്ല. മണ്ഡപത്തിന്റെ പടിഞ്ഞാറുഭാഗത്തു നിന്ന് 120 മീറ്ററിൽ മണ്ണ് നിറച്ചാണ് ജിയോബാഗുകൾ സ്ഥാപിച്ചത്.
സഞ്ചാരികൾ തിരികെയെത്തുന്നു
ശംഖുംമുഖത്ത് തീരശോഷണം വർദ്ധിച്ചതോടെ സഞ്ചാരികളുടെ എണ്ണവും കുറഞ്ഞു. ശംഖുംമുഖം തീരം സംരക്ഷിക്കപ്പെടുന്നതോടെ സഞ്ചാരികൾ വീണ്ടും ഇങ്ങോട്ടേക്ക് എത്തുന്നു. സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ശംഖുംമുഖവും വേദിയായിരുന്നു. സ്മാർട്ട് സിറ്റിയും ടൂറിസം വകുപ്പും നഗരസഭയും ചേർന്ന് നൈറ്റ് ലൈഫ് ടൂറിസം ഉൾപ്പെടെ മെച്ചപ്പെടുത്താൻ വർണാഭമായ ഇരിപ്പിടങ്ങളും മേൽക്കൂരകളും ഇവിടെ തയാറാക്കിയിട്ടുണ്ട്. സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടുകൾക്കും ഇത് മുതൽക്കൂട്ടാവും.