ചോദിച്ചത് ₹1003, നൽകേണ്ടിവന്നത് ₹82,555
തിരുവനന്തപുരം: അവസാന നിമിഷം ബസ് റദ്ദാക്കിയതിനെത്തുടർന്ന് നേരിട്ട ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരമായി അദ്ധ്യാപികയ്ക്ക് കെ.എസ്.ആർ.ടി.സിക്ക് നൽകേണ്ടി വന്നത് 82,555 രൂപ. ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ബേബിച്ചൻ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പൻ എന്നിവരുടെ വിധിയെത്തുടർന്നാണിത്. ചൂരക്കോട് എൻ.എസ്.എസ് എച്ച്.എസ്.എസ് അദ്ധ്യാപിക അടൂർ ഏറത്ത് പ്രിയഭവനിൽ പ്രിയ നൽകിയ ഹർജിയിലാണ് നടപടി. നഷ്ടപരിഹാരം നൽകണമെന്ന് നിർദ്ദേശിച്ചിരുന്നെങ്കിലും കെ.എസ്.ആർ.ടി.സി ആദ്യം അനുസരിച്ചില്ല. എന്നാൽ അറസ്റ്റു നടപടിയിലേക്ക് കടക്കുമെന്ന് വിധിച്ചതോടെ പണം നൽകി എം.ഡി തടിയൂരുകയായിരുന്നു.
2018 ആഗസ്റ്റ് രണ്ടിന് രാവിലെ ഒമ്പതിന് മൈസൂരുവിൽ പിഎച്ച്.ഡി ഗൈഡുമായുള്ള കൂടിക്കാഴ്ചയ്ക്കു പോകാൻ ഒന്നിന് രാത്രി 8.30ന് കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് യാത്ര പുറപ്പെടുന്ന സ്‌കാനിയ ബസിൽ പ്രിയ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. 1,003 രൂപ നൽകി ഓൺലൈൻ വഴിയായിരുന്നു ബുക്കിംഗ്.
ആഗസ്റ്റ് ഒന്നിന് വൈകിട്ട് അഞ്ചിന് പ്രിയ കൊട്ടാരക്കര ബസ് സ്റ്റേഷനിലെത്തി. ഫോണിൽ ബസ് ഉടൻ വരുമെന്ന് രണ്ടുതവണ അറിയിപ്പും വന്നു. ബസ് വൈകിയപ്പോൾ തിരുവനന്തപുരം ഡിപ്പോയിൽ വിളിച്ചു ചോദിച്ചപ്പോഴും വരുമെന്നായിരുന്നു മറുപടി. എന്നാൽ രാത്രി ഒമ്പതോടെ ബസ് റദ്ദാക്കിയെന്ന് കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് അറിയിച്ചു. തുടർന്ന് ടാക്സിയിൽ കായംകുളത്തെത്തി, അവിടെ നിന്ന് രാത്രി 11.15ന് പുറപ്പെട്ട ബസിലാണ് മൈസൂരുവിലേക്ക് പോയത്. വൈകി എത്തിയതിനാൽ ഗൈഡുമായുള്ള കൂടിക്കാഴ്ച റദ്ദായി. തുടർന്ന് മൂന്നുദിവസം അവിടെ തങ്ങേണ്ടിവന്നു.
റദ്ദാക്കിയ ബസ് ടിക്കറ്റിന്റെ പണം ഹർജിക്കാരി തിരികെ ആവശ്യപ്പെട്ടെങ്കിലും നൽകാൻ കെ.എസ്.ആർ.ടി.സി തയ്യാറായില്ല. പരാതി പരിശോധിച്ച കമ്മിഷൻ, ടിക്കറ്റിന്റെ തുകയായ രൂപ റീഫണ്ട് ചെയ്യാനും കോടതി ചെലവും നഷ്ടപരിഹാരവുമായി 82,555 രൂപ കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ നൽകാനും ഉത്തരവിട്ടു. ഇത് പാലിക്കാതെവന്നപ്പോൾ എം.ഡിയെ അറസ്റ്റുചെയ്ത് കമ്മിഷനിൽ ഹാജരാക്കാൻ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.