photo

ചിറയിൻകീഴ്: അറിവിന്റെ ആദ്യക്ഷരം കുറിക്കാൻ ശാർക്കര ദേവീക്ഷേത്രത്തിൽ കുരുന്നുകളെത്തി. ക്ഷേത്രത്തിനകത്തെ സരസ്വതി മണ്ഡപത്തിൽ ക്ഷേത്ര മേൽശാന്തി വടക്കേ പാച്ച മംഗലത്ത് ഇല്ലം ശങ്കരൻ നമ്പൂതിരി എഴുത്തിനിരുത്ത് നടത്തിയതോടെ വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായി. ശാർക്കര ദേവീക്ഷേത്രത്തിലെ സേവാപന്തലിൽ ഒരുക്കിയ സരസ്വതി മണ്ഡപത്തിൽ മീത്തറല വട്ടപ്പമ്പിൽ സുബ്രഹ്മണ്യൻ നമ്പൂതിരി, ശാർക്കര മുൻ മേൽശാന്തി ജയപ്രകാശ് പരമേശ്വരർ, ഹൃഷികേശ് മഠം ശ്രീനിവാസൻ പോറ്റി സന്തോഷ് കുമാർ, ലോക നിവാസ് മുരളീധരൻ പോറ്റി, കേരള സർവകലാശാല മുൻ പ്രൊ.വൈസ് ചാൻസിലർ ഡോ.ജയപ്രകാശ്, ശാർക്കര കീഴ്ശാന്തി നരസിംഹറാവു, എൻജിനിയറിംഗ് കോളേജ് പ്രൊഫസർ.സജീവ് മോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് എഴുത്തിനിരുത്ത് നടന്നത്. രാവിലെ 7ന് ആരംഭിച്ച ചടങ്ങ് 10.30 വരെ നീണ്ടു.നൂറുകണക്കിന് കുരുന്നുകൾ ഇത്തവണ ശാർക്കര ദേവീക്ഷേത്രത്തിൽ ആദ്യക്ഷരം കുറിക്കാനെത്തി.ക്ഷേത്രത്തിൽ ഒൻപത് ദിവസമായി നീണ്ടുനിന്ന നവരാത്രി സംഗീതോത്സവത്തിനും സമാപനമായി.