ആറ്റിങ്ങൽ: പനവേലിപ്പറമ്പ് കടവിനു സമീപം വാമനപുരം നദിയിൽ മാസങ്ങളായി അടിഞ്ഞു കൂടിക്കിടന്ന മാലിന്യം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഭാഗികമായി നീക്കംചെയ്തു. മൂന്ന് മാസത്തോളമായി നദിയുടെ ഒഴുക്ക് തടസപ്പെടുന്ന രീതിയിൽ മാലിന്യം അടിഞ്ഞുകിടക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് കിരൺ കൊല്ലമ്പുഴയുടെ നേതൃത്വത്തിൽ 25 പേരടങ്ങിയ സംഘമാണ് നദിയിൽ നിന്ന് മാലിന്യം നീക്കം ചെയ്തത്. നാല്പതിലേറെ ചാക്ക് മാലിന്യം നീക്കം ചെയ്തതായി പ്രവർത്തകർ പറഞ്ഞു. നീക്കംചെയ്ത മാലിന്യം സ്ഥലത്തുനിന്ന് ഹരിതകർമ്മസേന കൊണ്ടുപോയി. എന്നാൽ ഹരിതകർമ്മസേന വീണ്ടും മാലിന്യങ്ങൾ തിരിച്ചെത്തിച്ചതായി കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. നഗരസഭ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതനുസരിച്ചാണ് ഹരിതകർമ്മസേനയെത്തി മാലിന്യം കൊണ്ടുപോയത്. ശുചീകരണസംഘം സ്ഥലത്തു നിന്ന് പോയശേഷം മാലിന്യം തിരികെ എത്തിക്കുകയായിരുന്നു. രാഷ്ട്രീയ നേട്ടത്തിനായാണ് നഗരസഭയിലെ ഭരണനേതൃത്വം മാലിന്യം തിരിച്ചെത്തിച്ചതിന് പിന്നിലെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. ഇത്തരത്തിൽ മാലിന്യം നീക്കം ചെയ്യുന്നതിന് ആരും രേഖാമൂലം അപേക്ഷ നൽകുകയോ യൂസർഫീ അടയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് നഗരസഭ ഹെൽത്ത് സൂപ്പർവൈസർ റാംകുമാർ പറഞ്ഞു.
കരാർ നടപടികൾ
പുരോഗമിക്കുന്നുവെന്ന്
പുനരുപയോഗത്തിന് സാധിക്കാത്ത മാലിന്യം കമ്പനികൾക്ക് നൽകുമ്പോൾ ഹരിതകർമ്മസേന ലെഗസി ഫീസ് കൊടുക്കണം. അത്തരത്തിലുള്ള മാലിന്യമാണ് ശേഖരിച്ചത്. ഇവിടെ ലെഗസി ഫീസ് ഹരിതകർമ്മ സേനാംഗങ്ങളുടെ കൈയിൽ നിന്ന് കൊടുക്കേണ്ടിവരും. നദിയിലെ മാലിന്യം നീക്കം ചെയ്യുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും കരാറുകാരനാണ് ഹരിതകർമ്മ സേനയ്ക്കുള്ള തുക അടയ്ക്കേണ്ടതെന്നും ഹെൽത്ത് വിഭാഗം അധികൃതർ അറിയിച്ചു. മാലിന്യം നീക്കം ചെയ്യുന്നതിന് ഇറിഗേഷൻ വകുപ്പിൽ നിന്നും കഴിഞ്ഞ ദിവസം രണ്ട് ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ചിരുന്നതായും കരാർ നടപടികൾ പുരോഗമിക്കുകയാണെന്നും വാർഡ് കൗൺസിലർ സി.എസ് ജീവൻലാൽ പറഞ്ഞു. ഡി.സി.സി അംഗം ആറ്റിങ്ങൽ സതീഷ്, ഷൈജു ചന്ദ്രൻ, എച്ച്.ബഷീർ,ആർ.അരുൺകുമാർ തുളസിദാസ് തുടങ്ങിയവർ നേതൃത്വം നൽകി.