തിരുവനന്തപുരം: ഡോക്യുമെന്ററി സംവിധായികയും സാംസ്കാരിക പ്രവർത്തകയുമായ പത്തനംതിട്ട കടമ്പനാട് കാട്ടുവിള പുത്തൻ വീട്ടിൽ രാഖി സാവിത്രി (49) അന്തരിച്ചു. ക്യാൻസർ ബാധിതയായി തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലായിരുന്നു. പ്രശസ്ത നാടൻപാട്ട് കലാകാരൻ ജയചന്ദ്രൻ കടമ്പനാടാണ് ഭർത്താവ്. മകൾ ഗൗരി. ജോലിസംബന്ധമായി വർഷങ്ങളായി തിരുവനന്തപുരത്താണ് താമസം. തിരുവനന്തപുരം കുന്നുകുഴിക്ക് സമീപം വടേക്കാട് ജംഗ്ഷനിലെ വീട്ടിൽ ഇന്നലെ നടന്ന പൊതുദർശനത്തിൽ സാംസ്കാരികപ്രവർത്തകർ അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് കടമ്പനാട്ടെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോയി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് കടമ്പനാട് ഗണേശവിലാസത്തെ സ്വവസതിയിൽ.
സി-ഡിറ്റിന് വേണ്ടി തദ്ദേശസ്ഥാപനങ്ങളുടെ വികസനപ്രവർത്തനങ്ങളെ സംബന്ധിച്ച ഡോക്യുമെന്ററികളിലൂടെ രാഖി ജനശ്രദ്ധ നേടിയിരുന്നു. ദൂരദർശനിൽ സംപ്രേഷണം ചെയ്ത ഗ്രീൻ കേരള എക്സ്‌പ്രസ്, സ്കൂൾ കുട്ടികൾക്കായി നടത്തിയ ഹരിത വിദ്യാലയം തുടങ്ങിയ പ്രോജക്ടുകളുടെ പ്രൊഡ്യൂസറായിരുന്നു. ആരോഗ്യരംഗവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികളിൽ ബീനാപോളുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. കൊവിഡാനന്തരം പാളയം പബ്ലിക്ക് ലൈബ്രറിയിൽ രാഖിയും ഭർത്താവും ചേർന്ന് ഇരുപത് രൂപയ്ക്ക് ഊണ് ലഭിക്കുന്ന സുഭിക്ഷ അടുക്കള നടത്തിയിരുന്നു. ഫിലിം സൊസൈറ്റി ഫെഡറേഷന്റെ പ്രവർത്തനങ്ങളുമായും രാഖി അടുത്ത ബന്ധം പുലർത്തി. സയൻസ് ചലച്ചിത്രമേളകളിൽ ചലച്ചിത്രകാരിയായും സംഘാടകയായും പ്രീ സെലക്ഷൻ ജൂറിയായും പ്രവർത്തിച്ചു. അസുഖത്തെ വകവയ്ക്കാതെ സാംസ്കാരിക വേദികളിൽ സജീവമായിരുന്നു. ഫെഡറേഷൻ ഒഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ-കേരള, ഫെഫ്കാ ഡയറക്ടേഴ്സ് യൂണിയൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.