ബാലരാമപുരം: തിരുവനന്തപുരം ജില്ലയിൽ ഹൈവേ വികസനത്തിന്റെ ഭാഗമായി കൊടിനട-വഴിമുക്ക് ഭാഗത്തെ വികസനത്തിന് ഏറ്റെടുത്ത ഭൂമിയിൽ സർക്കാർ തുക അനുവദിച്ചിട്ടും നഷ്ടപരിഹാരം വൈകുന്നതിനെതിരെ ഭൂവുടമകൾ വീണ്ടും സമരത്തിലേക്ക്. 205 പേർക്ക് മാത്രമാണ് ഇതുവരെ നഷ്ടപരിഹാരം വിതരണം ചെയ്തത്. 186 പേർക്ക് ഇനിയും നഷ്ടപരിഹാരം നൽകാനുണ്ട്.

ദേശീയപാത നവീകരണ നിർവഹണ ഏജൻസിയായ കെ.ആർ.എഫ്.ബിയിലേക്ക് പോയി അവിടെ നിന്നും ലാന്റ് റവന്യൂ അക്യൂസിഷൻ വിഭാഗത്തിലൂടെയേ ഭൂവുടമകൾക്ക് നഷ്ടപരിഹാരം സാദ്ധ്യമാവുകയുള്ളൂ. ഭൂവുടമകളുടെ പ്രതിനിധികൾ കളക്ടറെ നേരിൽക്കണ്ട് പരാതി അറിയിച്ച് ഭരണാനുമതി ലഭിച്ചെങ്കിലും നോൺ ഫണ്ട് ഹെഡ്ഡിലായതിനാൽ ഫണ്ട് റിലീസ് ചെയ്യുന്നതിൽ സാങ്കേതികതടസം ചൂണ്ടിക്കാട്ടിയിരുന്നു. ധനകാര്യ വകുപ്പിന്റെ അനുമതിയോടെ സർക്കാർ നിർവഹണ ഏജൻസിയായ കെ.ആർ.എഫ്.ബിയാണ് കൂടുതൽ കാര്യങ്ങൾ വിശദീകരിക്കേണ്ടത്.

സാങ്കേതിക തടസങ്ങൾ 

ഭൂവുടമകൾക്കും ജീവനാംശം നഷ്ടമാകുന്നവർക്കുമായി ധനകാര്യവകുപ്പ് 102 കോടി അനുവദിച്ചെന്ന പ്രചാരണം വ്യാജമാണെന്നാരോപിച്ച് കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. ശമ്പളവും പെൻഷനും നൽകുന്ന നോൺ പ്ലാൻ ഫണ്ട് ഹെഡ്ജിൽ സർക്കുലറായി മാത്രമാണ് തുക അനുവദിച്ചിരിക്കുന്നത്. സർക്കാരിന്റെ വ്യാജ പ്രചാരണം തുറന്നു കാട്ടുന്നതിന്റെ ഭാഗമായി നാളെ ബാലരാമപുരം ജംഗ്ഷനിൽ എം.വിൻസെന്റ് എം.എൽ.എ സത്യഗ്രഹമിരിക്കും. എം.എൽ.എമാരായ സി.കെ.ഹരീന്ദ്രൻ,​എം.വിൻസെന്റ് തുടങ്ങിയവർ നിയമസഭയിൽ ഇക്കാര്യം നിരവധിതവണ സൂചിപ്പിക്കുകയും നഷ്ടപരിഹാരത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും സാങ്കേതിക തടസങ്ങൾ മാറ്റി പാതവികസനം ഉടൻ പൂർത്തീകരിക്കുമെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചിരുന്നത്.

പാതവികസനം പൂർത്തീകരിക്കണം

നോൺ പ്ലാൻ ഫണ്ട് കാറ്റഗറിയിൽ 102കോടി രൂപ അനുവദിച്ചതായി പാർട്ടി അനുകൂലികൾ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചെങ്കിലും പാതവികസനം വീണ്ടും അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്. പിണറായി സർക്കാർ അധികാരത്തിലേറിയപ്പോഴാണ് 100ദിന കർമ്മപരിപാടികളുടെ ഭാഗമായി പ്രാവച്ചമ്പലം-കൊടിനട വരെയുള്ള രണ്ടാംഘട്ടവികസനം പൂർത്തീകരിച്ചത്. യുദ്ധകാലാടിസ്ഥാനത്തിൽ പാതവികസനം പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരും ആവശ്യപ്പെടുന്നത്.

വികസനം ഇഴയുന്നതിനാൽ കൊടിനട-വഴിമുക്ക് ഭാഗത്തെ ചെറുകിട കച്ചവടക്കാരും വ്യാപാരികളും ആശങ്കയിലാണ്. സ്ഥലം വിട്ടുനൽകിയിട്ട് ഏഴ് വർഷം കഴിഞ്ഞിട്ടും സാമ്പത്തിക ബാദ്ധ്യതകൾ പരിഹരിക്കാനോ പുതിയ തൊഴിൽസംരംഭം തുടങ്ങാനോ കഴിയാത്ത അവസ്ഥയാണ്.

നോട്ടിഫിക്കേഷനും പുല്ലുവില

കൊടിനട-വഴിമുക്ക് വികസനത്തിന്റെ ഭാഗമായി നോട്ടിഫിക്കേഷൻ നടത്തി 6 വർഷത്തിലേറെയായിട്ടും രണ്ടാം റീച്ചിന്റെ ഭാഗമായി ബാക്കിവന്ന ഒന്നര കിലോമീറ്റർ ഭാഗം അനിശ്ചിതത്വത്തിലായിട്ട് പത്ത് വർഷത്തോളമായി. നേരത്തെ തുക കൈമാറിയവരുടെ വഴിമുക്ക് മുതൽ ബാലരാമപുരം വരെയുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിന്റെ ജോലികളാണ് പുരോഗമിക്കുന്നത്.

എം.എൽ.എ സത്യഗ്രഹമിരിക്കും

കൊടിനട-വഴിമുക്ക് വികസനം സാദ്ധ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷ സമരപരിപാടികളുടെ ഭാഗമായി കോവളം എം.എൽ.എ എം.വിൻസെന്റ് ബാലരാമപുരം ജംഗ്ഷനിൽ നാളെ സത്യഗ്രഹമിരിക്കും. കെ.പി.സി.സി മുൻ പ്രസിഡന്റ് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും.