തിരുവനന്തപുരം:സർക്കാർ അനുമതി ലഭിക്കാത്തതിന്റെ പേരിൽ കെ.എസ്.ഇ.ബി ജീവനക്കാരുടെ അർഹമായ ക്ഷാമബത്ത വിതരണം തടഞ്ഞുവെക്കാനുള്ള കെ.എസ്.ഇ.ബി ഫുൾബോർഡ് തീരുമാനത്തിൽ എൻജിനീയേഴ്സ് അസോസിയേഷൻ ശക്തമായി പ്രതിഷേധിച്ചു.ത്രികക്ഷി കരാർ പ്രകാരം ജീവനക്കാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ യഥാസമയം നൽകിവരുന്ന ദീർഘകാല കീഴ്വഴക്കം ലംഘിക്കുന്ന സർക്കാർ പ്രതിനിധികളുടെ ഇടപെടൽ അനാവശ്യമാണ്.2023ലെ രണ്ടു ഗഡു7% ക്ഷാമബത്ത ഉൾപ്പെടെ 2023 മുതൽ 2026 വരെയുള്ള കാലയളവിൽ ജീവനക്കാർക്ക് ഏകദേശം 20% ക്ഷാമബത്തയാണ് ലഭിക്കാനുള്ളത്.2022 മുതലുള്ള ഒരു ഗഡു ക്ഷാമബത്ത കുടിശ്ശിക നൽകാൻ നേരത്തെ തീരുമാനിച്ചപ്പോൾ പോലും സർക്കാർ അനുമതി എന്ന ഉപാധി വെച്ച് വിതരണം നീട്ടി.ഒടുവിൽ,പെൻഷനേഴ്സ് കൂട്ടായ്മ നിയമപരമായി ഇടപെട്ടാണ് അനുകൂല ഉത്തരവ് നേടിയെടുത്തതെന്ന് അസോസിയേഷൻ വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി.