തിരുവനന്തപുരം: നൂറ്റിപ്പതിനൊന്ന് ദിവസം നീളുന്ന സൂര്യ ഫെസ്റ്റിവലിന് യുവസംഗീതജ്ഞൻ കെ.എസ്.ഹരിശങ്കറിന്റെ കർണാടക സംഗീതക്കച്ചേരിയോടെ തുടക്കമായി. നർത്തകിമാരായ രമ വൈദ്യനാഥന്റെയും ദക്ഷിണ വൈദ്യനാഥന്റെയും ഭരതനാട്യം ഇന്നലെ അരങ്ങേറി. ഇന്ന് വൈകിട്ട് 6.45ന് മീനാക്ഷി ശ്രീനിവാസന്റെ ഭരതനാട്യം അരങ്ങേറും. ആദ്യ പത്ത് ദിവസം നൃത്ത സംഗീതോത്സവം അരങ്ങേറും. നാളെ നടിയും നർത്തകിയുമായ ശോഭന നൃത്തം അവതരിപ്പിക്കും. രാജേന്ദ്രഗംഗാനിയും സംഘവും (കഥക്), ലക്ഷ്മി ഗോപാലസ്വാമി, ആശാശരത്, നവ്യാ നായർ തുടങ്ങിയവർ പങ്കെടുക്കുന്ന നൃത്തങ്ങളും വിവിധ ദിവസങ്ങളിലായി നടക്കും. 11 മുതൽ 15 വരെ വിമൻ ടോക് ഫെസ്റ്റിവലും ഫിലിം ഫെസ്റ്റിവലും ഉണ്ടായിരിക്കും. ജനുവരി 21ന് സൂര്യ ഫെസ്റ്റിവലിന് കൊടിയിറങ്ങും.