p

തിരുവനന്തപുരം:ഒഴിവുകളേറെ ഉണ്ടായിട്ടും, റാങ്ക് ലിസ്റ്റ് വൈകുന്നതിനാൽ സർവേയർ നിയമനമില്ല. റവന്യു വകുപ്പിലെ സർവേയർ തസ്തികയിലേക്കുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ട് നാലു വർഷത്തിലേറെയായി.2022 ഡിസംബറിലാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.2023 മേയിൽ ഒ.എം.ആർ പരീക്ഷ നടത്തിയെങ്കിലും സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിച്ചത് കഴിഞ്ഞമാസമാണ്.സർട്ടിഫിക്കറ്റ് പരിശോധന നടത്തി റാങ്ക് പട്ടിക തയാറാക്കുന്ന പ്രവർത്തനങ്ങൾ നടക്കുകയാണ്. 2021 നവംബർ മുതൽ കഴിഞ്ഞ മാർച്ചുവരെയായി 298 ഒഴിവുകൾ പി.എസ്.സിയിൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. ഇനിയും റിപ്പോർട്ട് ചെയ്യാനുമുണ്ട്. കഴിഞ്ഞ റാങ്ക് പട്ടികയിൽ നിന്നുള്ള ആകെ നിയമനശുപാർശ 604 ആണ്. അർഹരായവർ ഇല്ലാത്തതിനാൽ ഭിന്നശേഷിവിഭാഗക്കാരുടെ 13 ഒഴിവുകൾ നികത്താനായിട്ടില്ല.പുതുതായി പ്രസിദ്ധീകരിച്ച അർഹതാപട്ടികയിൽ ഭിന്നശേഷി വിഭാഗത്തിൽ നിന്നും 12 പേരെ ഉൾപ്പെടുത്തിയിട്ടുണ്ട്.

സാദ്ധ്യതാപട്ടികയിൽ 1030 പേർ

കഴിഞ്ഞമാസം 29ന് പ്രസിദ്ധീകരിച്ച സാദ്ധ്യതാപട്ടികയിൽ 1030 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്.502 പേരാണ് മുഖ്യപട്ടികയിലുള്ളത്. ഉപപട്ടികയിൽ 516 പേരും ഭിന്നശേഷി ഉപപട്ടികയിൽ 12 പേരുമുണ്ട്.ഇതിനുമുൻപ് 2018 മേയിൽ പ്രസിദ്ധീകരിച്ച സർവേയർ റാങ്ക്ലിസ്റ്റ് 2021 ഓഗസ്റ്റിലാണ്‌ റദ്ദായത്.