വർക്കല: എസ്.എൻ.ഡി.പി യോഗം, എസ്.എൻ ട്രസ്റ്റ് രംഗത്ത് 30 വർഷത്തെ സേവനം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് ശിവഗിരി യൂണിയൻ വർക്കലയുടെ നേതൃത്വത്തിൽ സ്നേഹാദരവ് നൽകി. രണ്ടരക്കോടി രൂപ ചെലവിൽ ശിവഗിരി യൂണിയൻ പുതിയതായി നിർമ്മിച്ച യൂണിയൻ ഓഫീസിന്റെ ഉദ്ഘാടനവേദിയിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിൽ നിന്ന് യൂണിയന്റെ സ്നേഹാദരവ് വെള്ളാപ്പള്ളി നടേശൻ ഏറ്റുവാങ്ങി. വെള്ളാപ്പള്ളിനടേശന്റെ നേതൃത്വഗുണങ്ങളും സംഘടനാ വൈദഗ്ദ്ധ്യവും സമൂഹത്തിന് നൽകിയ സേവനങ്ങളും പരിഗണിച്ചായിരുന്നു സ്നേഹാദരവ് നൽകിയത്. ശിവഗിരി യൂണിയന്റെ കീഴിലുള്ള ശാഖകളിൽ നിന്ന് ആയിരക്കണക്കിന് പേർ വെള്ളാപ്പള്ളിക്ക് സ്നേഹാദരവ് അർപ്പിക്കാനെത്തി. ഉദ്ഘാടന സമ്മേളന ശേഷം ശിവഗിരി യൂണിയൻ പ്രസിഡന്റ് കല്ലമ്പലം ബി.ജയപ്രകാശനും സെക്രട്ടറി അജി.എസ്.ആർ.എമ്മിനുമൊപ്പം വെള്ളാപ്പള്ളി നടേശൻ തുറന്ന വാഹനത്തിൽ ശിവഗിരി യൂണിയന്റെ പുതിയ ഓഫീസിലേക്ക് പുറപ്പെട്ടു. യൂണിയൻ അംഗങ്ങളുടെയും വനിതാസംഘത്തിന്റെയും യൂത്ത് മൂവ്മെന്റിന്റെയും ഭാരവാഹികളുടെയും സ്വീകരണം ഏറ്റുവാങ്ങി ശിവഗിരി യൂണിയൻ ഓഫീസ് അങ്കണത്തിൽ എത്തിച്ചേർന്നു. ഓഫീസ് അങ്കണത്തിൽ ഒരുക്കിയ നിലവിളക്കിൽ വെള്ളാപ്പള്ളി നടേശനും യൂണിയൻ ഭാരവാഹികളും ഭദ്രദീപം തെളിച്ചു. ശിവഗിരി യൂണിയൻ മന്ദിരത്തിലെ പ്രാർത്ഥനാഹാളിൽ പ്രീതി നടേശൻ ദീപം തെളിച്ചു. ശിവഗിരി യൂണിയന് സ്വന്തമായി ആസ്ഥാനം എന്നത് യാഥാർത്ഥ്യമാക്കിയ ഭാരവാഹികളെ അനുമോദിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.