f

തിരുവനന്തപുരം: ജി.എസ്.ടിയുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന തട്ടിപ്പ് പുറത്തുവന്നിട്ടും അത് മൂടിവയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ജി.എസ്.ടിയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് തട്ടിപ്പുകാരുമായി ബന്ധമുണ്ട്. ആരെല്ലാമാണ് തട്ടിപ്പിന് കൂട്ടുനിൽക്കുന്നതെന്ന് കണ്ടെത്തണമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

2024- 25 സാമ്പത്തിക വർഷം ഒരു തട്ടിപ്പ് സംഘം മാത്രം 1100 കോടിയുടെ ഇടപാടുകളാണ് വ്യാജ പേരിൽ നടത്തിയത്. ഈ സംഘം സാധാരണക്കാരുടെ പേരിൽ അവർ അറിയാതെയാണ് ജി.എസ്.ടി രജിസ്‌ട്രേഷൻ നടത്തിയത്. ആരുടെ പേരിലും ജി.എസ്.ടി രജിസ്‌ട്രേഷൻ എടുക്കാം. നിലവിൽ ജി.എസ്.ടി രജിസ്‌ട്രേഷൻ നടത്തുമ്പോൾ മറ്റൊരാളുടെ ബാങ്ക് അക്കൗണ്ട് നൽകാം. അത്തരത്തിൽ സാധാരണക്കാരുടെ പേരിൽ എടുക്കുന്ന ജി.എസ്.ടി രജിസ്‌ട്രേഷനിൽ ഈ സംഘത്തിന്റെ ബാങ്ക് അക്കൗണ്ട് നൽകിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. എന്നാൽ ജി.എസ്.ടി, ഇൻകംടാക്സ് ബാദ്ധ്യതകൾ സാധാരണക്കാർക്ക് മുകളിൽ വരും. 200 കോടി രൂപയാണ് ഈ സംഭവത്തിൽ മാത്രം സംസ്ഥാനത്തിന് ജി.എസ്.ടി നഷ്ടമുണ്ടായത്.

ഇക്കാര്യം പൂനെയിലെ ജി.എസ്.ടി ഇന്റലിജൻസ് കണ്ടെത്തി സംസ്ഥാന സർക്കാരിനെ അറിയിച്ചു. സംസ്ഥാന സർക്കാർ വ്യാജ രജിസ്‌ട്രേഷനുകളെല്ലാം റദ്ദാക്കിയതല്ലാതെ മറ്റൊരു നടപടിയും സ്വീകരിച്ചില്ല. 2025 ഫെബ്രുവരിയിലാണ് പൂനെയിലെ ഇന്റലിജൻസ് സംസ്ഥാന സർക്കാരിനെ തട്ടിപ്പ് അറിയിച്ചത്. തട്ടിപ്പിനു പിന്നിൽ ഏത് സംഘമാണ് പ്രവർത്തിച്ചതെന്ന് ജി.എസ്.ടി ഇതുവരെ അന്വേഷിച്ചിട്ടില്ല. അന്വേഷണം നടത്താൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുമില്ല.

ഇത്രയും വലിയ തട്ടിപ്പ് നടന്നിട്ടും രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിന് അപ്പുറത്തേക്കുള്ള നടപടികളിലേക്ക് സർക്കാർ പോകാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.