തിരുവനന്തപുരം: വിജയദശമി ദിനത്തിൽ അക്ഷരമുറ്റത്തേക്ക് പിച്ചവച്ച് കുരുന്നുകൾ.

ക്ഷേത്രങ്ങൾ, ആരാധനാലയങ്ങൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ, മാദ്ധ്യമ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലടക്കം സാഹിത്യ, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലെ പ്രഗത്ഭർ ഗുരുക്കന്മാരായി. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 41 കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു. മധുരപലഹാരങ്ങളും സമ്മാനങ്ങളും നൽകിയാണ് കുട്ടികളെ രാജ്ഭവൻ വരവേറ്റത്.

സംസ്‌കൃതം, മലയാളം, ഇംഗ്ലീഷ്‌ ഭാഷകളിൽ ശശി തരൂർ എം.പി കുട്ടികളെ ആദ്യാക്ഷരമെഴുതിച്ചു.

എല്ലാ ഭാഷയും പഠിച്ച്‌ മിടുക്കരാകണമെന്ന്‌ പറഞ്ഞ് അദ്ദേഹം കുട്ടികളെ അനുഗ്രഹിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു ചടങ്ങ്.

ഐരാണിമുട്ടം തുഞ്ചൻ സ്മാരക സമിതിയിൽ നൂറുകണക്കിന് കുട്ടികൾ ആദ്യാക്ഷരമെഴുതി. സംഗീതം, നൃത്തം, ചിത്രകല എന്നിവയിലും കുട്ടികൾ വിദ്യാരംഭം കുറിച്ചു. കെ. ജയകുമാർ, ഡോ.ടി.ജി. രാമചന്ദ്രൻപിള്ള, ഡോ.എം.ആർ തമ്പാൻ, ഡോ. വി.പി ജോയ്, കെ.വി.മോഹൻകുമാർ പ്രൊഫ. കാട്ടൂർ നാരായണപിള്ള, കാരയ്ക്കാമണ്ഡപം വിജയകുമാർ, പ്രൊഫ. പി. സുശീലാദേവി, മണക്കാട് ഗോപൻ എന്നിവർ ആചാര്യന്മാരായി.