റോഡ് കൈയേറ്റത്തിനെതിരെയുള്ള നടപടിയെന്ന് പൊലീസ്
തിരുവനന്തപുരം: നഗരത്തിൽ ചുരുങ്ങിയ നിരക്കിൽ രുചികരമായ ഭക്ഷണം വിളമ്പിയിരുന്ന തട്ടുകടകൾ ഒഴിപ്പിച്ച് പൊലീസും നഗരസഭയും. വഴുതക്കാട് കോട്ടൺഹിൽ സ്‌കൂളിന് മുൻവശം, വെള്ളയമ്പലം–ശാസ്തമംഗലം റോഡ്, കേശവദാസപുരം എം.ജി കോളജിന് മുൻവശം എന്നിവിടങ്ങളിലെ തട്ടുകടകളാണ് രണ്ടുദിവസത്തെ നടപടികൾക്കിടയിൽ ഒഴിപ്പിച്ചത്. റോഡ് കൈയേറിയും ഗതാഗത തടസമുണ്ടാക്കിയും പ്രവർത്തിക്കുന്ന കടകളാണ് ഒഴിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
ശ്രീമൂലം ക്ലബിന് മുൻവശം മുതൽ കോട്ടൺഹിൽ എൽ.പി സ്കൂളിന് മുൻവശം വരെയും കേശവദാസപുരം എം.ജി കോളേജിന് മുൻവശത്തുനിന്ന് പരുത്തിപ്പാറ വരെയുമുള്ള കടകളാണ് അടപ്പിച്ചത്. ഇവിടങ്ങളിൽ ഭക്ഷണം കഴിക്കാനെത്തുന്നവർ റോഡുവക്കിൽ വാഹനം പാർക്ക് ചെയ്യുന്നതിനാൽ ഏറെ തിരക്കേറിയ റോഡുകളിൽ കുരുക്കുണ്ടാകുന്നത് പതിവാണെന്നും അത് സംബന്ധിച്ച പരാതികളിലാണ് നടപടിയെടുത്തതെന്നും അധികൃതർ വിശദമാക്കി.
അനധികൃതമായാണ് ഇവ പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ജനമൈത്രി യോഗങ്ങളിലും മറ്റുമായി റസിഡന്റ്സ് അസോസിയേഷനുകൾ അടക്കമുള്ളവർ പരാതിപ്പെട്ടിരുന്നു. ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകി. തുടർന്ന്, ഇക്കാര്യത്തിൽ കടകൾക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഇതിനുശേഷവും തുറന്നുപ്രവർത്തിച്ച കടകളിൽ ഭക്ഷണം പാഴാകാതിരിക്കാൻ രാത്രി 11 വരെ സമയവും നൽകി. അതിനുശേഷമാണ് അടപ്പിച്ചത്. ഇത്തരമുള്ള കടകൾക്കെതിരേ ഇനിയും പരിശോധന തുടരുമെന്നും നടപടികൾ കർശനമാക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം പൊലീസിന്റെയും നഗരസഭയുടെയും നടപടിയിൽ കടുത്ത പ്രതിഷേധവുമായി തട്ടുകട നടത്തിപ്പുകാർ രംഗത്തെത്തി. വഴിയാത്രക്കാർക്ക് തടസം സൃഷ്ടിക്കാതെയാണ് തട്ടുകടകൾ പ്രവർത്തിക്കുന്നത്. ഇപ്പോഴുണ്ടായിരിക്കുന്ന നടപടികൾ ചില വൻകിട ഹോട്ടലുകാർക്കുവേണ്ടിയാണെന്നും വ്യാപാരികൾ ആരോപിച്ചു. ചില തട്ടുകടകൾ മാത്രമാണ് പൊലീസ് അടപ്പിച്ചിട്ടുള്ളത്. മറ്റു ചിലർക്ക് പ്രവർത്തിക്കാൻ അനുമതി നൽകുന്നുണ്ടെന്നും വ്യാപാരികൾ ആരോപിച്ചു.