തിരുവനന്തപുരം: രാഷ്ട്രത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും രാഷ്ട്രത്തിനായി സംഘടിതമായ സമർപ്പണം അനിവാര്യമാണെന്നും മുൻ കേരള കലാമണ്ഡലം ചെയർമാനും കേരള സർവകലാശാല ലിംഗ്വിസ്റ്റിക് വിഭാഗം മേധാവിയുമായിരുന്ന ഡോ. വി.ആർ.പ്രബോധചന്ദ്രൻ നായർ പറഞ്ഞു.
വിജയദശമിയോടനുബന്ധിച്ച് ആർ.എസ്.എസ് പത്മനാഭനഗരം ശ്രീകണ്‌ഠേശ്വരം ബസ്തിയിലെ വിജയദശമി ആഘോഷത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ആർ.എസ്.എസ് ദക്ഷിണ കേരള പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശൻ മുഖ്യപ്രഭാഷണം നടത്തി. വിജയദശമി ആഘോഷത്തോടനുബന്ധിച്ച് ശ്രീകണ്‌ഠേശ്വരം ബസ്തി സംഘടിപ്പിച്ച പഥസഞ്ചലനം ഒന്നാംതെരുവിൽ നിന്ന് ആരംഭിച്ച് പഴവങ്ങാടി, ശ്രീപത്മനാഭസ്വാമി ക്ഷേത്രം വടക്കേനട, ശ്രീകണ്‌ഠേശ്വരം വഴി ഫോർട്ട് ഹൈസ്‌കൂളിനു മുന്നിൽ സമാപിച്ചു.
#ജില്ലയിൽ 170 പഥസഞ്ചലനങ്ങൾ
സംഘരൂപീകരണത്തിന്റെ നൂറാം വർഷം തികയുന്നതുമായി ബന്ധപ്പെട്ട് ആർ.എസ്.എസ്.ഇന്നലെ ജില്ലയിൽ 215 സ്ഥലങ്ങളിൽ വിജയദശമി പൊതുപരിപാടിയും 170 സ്ഥലങ്ങളിൽ പഥ സഞ്ചലനവും നടന്നു. ഡോ. വി.ആർ. പ്രബോധചന്ദ്രൻനായർ, ഡോ. ടി.പി. ശങ്കരൻകുട്ടിനായർ തുടങ്ങി പ്രമുഖരായ വ്യക്തികൾ പൊതുപരിപാടികളിൽ പങ്കെടുത്തു. ആർ.എസ്.എസ് ദക്ഷണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണൻ, ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എൻ. ഹരികൃഷ്ണൻ, പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശൻ, വി.എൻ. ദിലീപ്, പ്രചാർപ്രമുഖ് എം.ഗണേശൻ, സഹവ്യവസ്ഥ പ്രമുഖ് വി.എൻ. ബിജോയ് സഹ സമ്പർക്കപ്രമുഖ് സി.സി.സെൽവൻ തുടങ്ങി വിവിധ കാര്യകർത്താക്കൾ പരിപാടികളിൽ വിജയദശമി സന്ദേശം നൽകി.