കിളിമാനൂർ: ശബരിമല സ്വർണപ്പാളി വിവാദത്തിൽ താൻ തെറ്റുകാരനല്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റി. പറയാനുള്ളത് കോടതിയിൽ പറയും. സത്യം പുറത്തു വരേണ്ടത് തന്റെ കൂടി ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. രജിസ്റ്ററിൽ രേഖപ്പെടുത്താതെ വഴിപാട് വസ്തുക്കൾ എങ്ങനെ ശബരിമലയിൽ നിന്നു പുറത്തേക്ക് കൊണ്ടു പോയി എന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് ഉദ്യോഗസ്ഥരാണ്. പീഠം വീട്ടിലെത്തിച്ചിട്ടും എന്തുകൊണ്ട് പൊലീസിനെ അറിയിച്ചില്ല, സഹോദരിയുടെ വീട്ടിലേക്ക് എന്തിനു മാറ്റി എന്ന ചോദ്യത്തിന് അതിനു മാദ്ധ്യമങ്ങളോട് ഉത്തരം പറയേണ്ട ബാധ്യതയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കുമെന്നും പറഞ്ഞു. സ്വർണപ്പാളിയുടെ തൂക്കം കുറഞ്ഞതെങ്ങനെ എന്ന ചോദ്യത്തിന് അക്കാര്യം ചെന്നൈയിലെ കമ്പനിയോട് ചോദിക്കണം എന്നായിരുന്നു മറുപടി.