
അമരവിള: തിരുവനന്തപുരം നാഗർകോവിൽ റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി അമരവിള റെയിൽവേ സ്റ്റേഷനിൽ നിരവധി പുതിയ നിർമ്മാണങ്ങൾ ആരംഭിച്ചതോടെ സ്റ്റേഷന്റെ കിഴക്ക് ഭാഗത്തേക്കുള്ള യാത്ര നിശ്ചലമായി. നിലവിൽ കാൽനടയാത്രപോലും ദുസ്സഹമാണ്. വാഹന ഗതാഗതം ഇല്ലാതായതോടെ രോഗികളെയും വൃദ്ധരെയും സമയബന്ധിതമായി ആശുപത്രികളിലെത്തിക്കാൻ പോലും കഴിയാറില്ല. ഇവിടുത്തെ കൊടും വളവിൽ അപകടങ്ങളും പതിവാകുന്നുണ്ട്.
തിരുവനന്തപുരം നാഗർകോവിൽ റെയിൽപ്പാത തുടക്കം കുറിച്ചിട്ട് അര നൂറ്റാണ്ട് പിന്നിടുകയാണ്. അക്കാലത്ത് നെൽകൃഷി പെരുമകൊണ്ട ഇടമായിരുന്നു മരുതത്തൂർ ഏല. പെരുമ്പഴുതൂർ കൃഷിഭവന് കീഴിലെ ഏറ്റവും വലിയ പാടശേഖരവും ഇതുതന്നെയാണ്. ഇരുപൂകൃഷിയും ഇടവിള - പുഞ്ചകൃഷിയും സമൃദ്ധമായി വിളഞ്ഞിരുന്ന മരുതത്തൂർ ഏലായിലെ നെൽവയലുകളെല്ലാം കാടുകയറി. ഇതോടെ പ്രദേശവാസികൾ തൊഴിൽരഹിതരായി,ഗതാഗതവും താറുമാറായി.
താന്നിക്കവിള, കിഴക്കേതാന്നിക്കവിള, മരങ്ങാലി, കരിപ്പുറം, തെക്കേക്കരിപ്പുറം,തീച്ചക്കുഴി, ആയില്ലറവിള തുടങ്ങിയ പ്രദേശങ്ങളിലെ നൂറോളം കുടുംബങ്ങളാണ് റെയിൽവേ ലൈൻ വന്നതോടെ ദുരിതത്തിലായത്. റെയിൽവേയുടെ അക്കാലത്തെ അശാസ്ത്രീയമായ നിർമ്മാണമാണ് പ്രദേശത്തെ കൃഷിയെ പാടേ നാശത്തിലേക്ക് തള്ളിവിട്ടത്.
സ്റ്റേഷൻ വികസനം
ദ്രുതഗതിയിൽ
പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി സ്റ്റേഷൻ വികസനം ദ്രുതഗതിയിൽ നടക്കുകയാണ്. ഇതിനായി ഇരുവശങ്ങളിലും കൂടുതൽ സ്ഥലവും അക്യുർ ചെയ്തിട്ടുണ്ട്. എന്നാൽ പ്രദേശത്തെ ജനവിഭാഗങ്ങളുടെ വഴിയും കൃഷിയും സംരക്ഷിക്കാൻ യാതൊരു നടപടിയും റെയിൽവേയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് പരാതി.
ആവശ്യം ശക്തം
നെയ്യാറ്റിൻകര നഗരസഭയുടെ 22-ാം വാർഡായ മരുതത്തൂരിലാണ് ഈ പ്രദേശം ഉൾപ്പെടുന്നത്. ആയില്ലറവിളയിൽ നിന്നും താന്നിക്കവിള വഴി അമരവിള റെയിൽവേ സ്റ്റേഷനിലെത്തുന്ന റോഡ് നിർമ്മാണം തുടങ്ങിയെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്. റെയിൽവേ ലൈനുമായി ചേരുന്ന ഒറ്റപ്പെട്ട പ്രദേശങ്ങളെ അമരവിള - മാരായമുട്ടം റോഡിൽ കണ്ണംകുഴിയിലോ, രാമേശ്വരം - താമരവിള റോഡിൽ കുന്നിൻപുറത്തോ ബന്ധിപ്പിക്കുന്ന ഒരു സർവീസ് റോഡ് നിർമ്മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.