വർക്കല: ജലസ്രോതസുകളെയും പരിസ്ഥിതിയെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നവീകരിച്ച വർക്കല നഗരസഭയിലെ പെരുങ്കുളത്തിന്റെ ഉദ്ഘാടനം അഡ്വ.വി.ജോയി എം.എൽ.എ നിർവഹിച്ചു. കുളത്തിന്റെ സംരക്ഷണ ഭിത്തിയില്ലാത്ത ഭാഗങ്ങളിൽ പുതിയ കരിങ്കൽ സംരക്ഷണ ഭിത്തിയുടെ നിർമ്മാണം, റോഡിലൂടെ ഒഴുകിവരുന്ന മലിനജലം കുളത്തിലേക്ക് നേരിട്ട് പതിച്ച് വെള്ളം മലിനമാകുന്നത് തടയുന്നതിനും വർഷാവർഷങ്ങളിൽ അവ തൊഴിലുറപ്പ് തൊഴിലാളികൾക്ക് എളുപ്പത്തിൽ നീക്കം ചെയ്യുന്നതിനും സഹായകരമായ രീതിയിൽ കുളത്തിന്റെ വടക്ക്-കിഴക്ക്, തെക്ക്-കിഴക്ക് ഭാഗങ്ങളിൽ രണ്ട് ചെറുകുളങ്ങളുടെ നിർമ്മാണം എന്നിങ്ങനെയാണ് നവീകരണം. കാലപ്പഴക്കത്താൽ തകർന്നിരുന്ന നിലവിലുള്ള സംരക്ഷണ ഭിത്തികൾ കോൺക്രീറ്റ് ലൈനിംഗ് ഉപയോഗിച്ച് ബലപ്പെടുത്തിയിട്ടുണ്ട്. സംരക്ഷണഭിത്തിക്ക് മുകളിലായി പാരപ്പെറ്റിന്റെ നിർമ്മാണവും നിലവിലുള്ള പാരപ്പെറ്റിന്റെ അറ്റകുറ്റപ്പണികളും പടവുകളിൽ ടൈൽ പാകി ഭംഗിയാക്കുകയും ചെയ്തിട്ടുണ്ട്. റോഡിനും കുളത്തിന്റെ സംരക്ഷണഭിത്തിക്കും ഇടയിലുള്ള ബണ്ട് ഭാഗം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും കാൽനടയാത്രക്കാർക്ക് ഉപയോഗിക്കുന്നതിനുമായി ഇന്റർലോക്ക് ചെയ്തിട്ടുണ്ട്. മഴക്കാലത്ത് കുളത്തിൽ നിറയുന്ന അധികജലം പുറത്തേക്ക് ഒഴുക്കിക്കളയുന്നതിനായി റോഡിന് കുറുകെ കവറിംഗ് സ്ലാബോടുകൂടി ഓട നിർമ്മാണവും പൂർത്തീകരിച്ചു. പെരുങ്കുളത്തിന്റെ നവീകരണത്തിനായി വി.ജോയി എം.എൽ.എയുടെ ശ്രമഫലമായി സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചിരുന്നു.