വിതുര: തൊളിക്കോട് പഞ്ചായത്തിലെ തൊളിക്കോട് ടൗൺ വാർഡിന്റെ പരിധിയിൽ ഇനി രണ്ട് ഹൈമാസ്റ്റ് ലൈറ്റുകൾ വെളിച്ചം വിതറും. വെളിച്ചമില്ലാത്ത അവസ്ഥ സംജാതമായതോടെ മോഷ്ടാക്കളും, സാമൂഹികവിരുദ്ധരും മറ്റും തലപൊക്കിത്തുടങ്ങിയിരുന്നു. പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമാണ്.
ഈഅവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷും, തൊളിക്കോട് ടൗൺവാർഡ്മെമ്പർ ഷെമിഷംനാദും പ്രശ്നത്തിൽ അടിയന്തരമായി ബന്ധപ്പെടുകയും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു. തൊളിക്കോട് സ്റ്റേഡിയം റോഡിലും, തൊളിക്കോട് ഇന്ത്യൻബാങ്ക് റോഡിലുമാണ് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്.
ഉദ്ഘാടനം നടത്തി
തൊളിക്കോട് പഞ്ചായത്തിലെ തൊളിക്കോട് ടൗൺവാർഡിൽ രണ്ടിടങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ് നിർവഹിച്ചു. തൊളിക്കോട് ടൗൺ വാർഡ്മെമ്പർ ഷെമിഷംനാദ് അദ്ധ്യക്ഷത വഹിച്ചു. തൊളിക്കോട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.ലിജുകുമാർ, പനയ്ക്കോട് വാർഡ്മെമ്പർ സന്ധ്യ.എസ്.നായർ, മുൻ തൊളിക്കോട് ടൗൺ വാർഡ്മെമ്പർ തൊളിക്കോട് ഷംനാദ്, കെ.എൻ.അൻസർ എന്നിവർ പങ്കെടുത്തു.